Home Sports എല്ലാവർക്കും ഈ രണ്ട് പേരെ മതി!ടീമിലേക്ക് ഇന്ത്യൻ താരങ്ങളെ തെരഞ്ഞെടുത്ത് ആസ്ട്രേലിയൻ താരങ്ങൾ; വ്യത്യസ്തനായി ക്യാപ്റ്റൻ കമ്മിൻസ്

എല്ലാവർക്കും ഈ രണ്ട് പേരെ മതി!ടീമിലേക്ക് ഇന്ത്യൻ താരങ്ങളെ തെരഞ്ഞെടുത്ത് ആസ്ട്രേലിയൻ താരങ്ങൾ; വ്യത്യസ്തനായി ക്യാപ്റ്റൻ കമ്മിൻസ്

നിലവിലെ ഇന്ത്യൻ ടീമിൽ നിന്നും ആരെ ആസ്ട്രേലിയക്ക് വേണ്ടി തെരഞ്ഞെടുക്കമെന്ന ചോദ്യം ആസ്ട്രേലിയൻ താരങ്ങൾ നേരിട്ടിരുന്നു. ഭൂരിപക്ഷം ആസ്ട്രേലിയൻ ക്രിക്കറ്റർമാരും ഇന്ത്യൻ ടീമിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ബോർഡർ ഗവാസ്കർ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന അഭിമുഖത്തിലാണ് നിലവിലെ ഇന്ത്യൻ ടീമിൽ നിന്നും ആസ്ട്രേലിയൻ ടീമിലേക്ക് ആളുകളെ തെരഞ്ഞെടുക്കാൻ സാധിച്ചാൽ ആരെയൊക്കെ ആയിരിക്കുമെന്ന് ചോദിച്ചത്. മറ്റ് പ്രധാന താരങ്ങളെല്ലാം വിരാട്, ബുംറ എന്നിവരുടെ പേര് പറഞ്ഞപ്പോൾ ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആരെയും തെരഞ്ഞെടുക്കുന്നില്ല എന്ന് പറഞ്ഞു. 'എന്‍റെ ആർ.സി.ബി ടീം മേറ്റായ വിരാട് കോഹ്ലിയെ കടന്ന് മറ്റൊരു താരത്തെ തെരഞ്ഞെടുക്കാൻ പാടായിരിക്കും. ഏറ്റവും പോപ്പുലറാകാൻ പോകുന്ന ഉത്തരവും ഇതായിരിക്കും. അവൻ മറ്റ് രാജ്യങ്ങൾക്കെതിരെ എന്താണ് ചെയ്യുന്നതെന്ന് നോക്കേണ്ട. ആസ്ട്രേലിയക്കെതിരെ അവന് രണ്ട് ഇഞ്ച് കൂടുതൽ വളരുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യും. ഈ സമ്മറിൽ അവനെ പുറത്താക്കുന്നത് കഠിനമായിരിക്കും,' മാക്സ് വെൽ പറഞ്ഞു. സ്റ്റീവ് സ്മിത്ത്. മാർനസ് ലബുഷെയ്ൻ എന്നിവരോടൊപ്പം വിരാട് ബാറ്റ് ചെയ്യുന്നത് മികച്ചതായിരിക്കുമെന്ന് നഥാൻ ലിയോൺ പറഞ്ഞു. ഓൾറൗണ്ടർ മിച്ചൽ മാർഷും വിക്കറ്റ് കീപ്പർ അലക്സ് കാരിയും വിരാട് കോഹ്ലിയെ തന്നെയാണ് തെരഞ്ഞെടുത്തത്. ഇരുവരും വിരാട് കോഹ്ലിയോടൊപ്പം കളിക്കുന്നത് രസകരമായിരിക്കുമെന്ന് പറഞ്ഞു. ഒരു മനുഷ്യൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും വിരാട് സൂപ്പർതാരമാണെന്ന് കാരി കൂട്ടിച്ചേർത്തു. സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവർ തെരഞ്ഞെടുത്തത് ജസ്പ്രീത് ബുംറയെയാണ്. ബുംറ മികച്ച കളിക്കാരൻ ആണെന്നും നല്ല സ്കിൽ സെറ്റുണ്ടെന്നും സ്മിത്ത് പറഞ്ഞു. ബുംറയെ നേരിടേണ്ടി വരില്ല എന്നായിരുന്നു ഹെഡ് പറഞ്ഞത്. ആസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ് എന്നത്തെയുംപോലെ വ്യത്യസ്തമായി ആരെയും തെരഞ്ഞെടുക്കുന്നില്ല എന്നാണ് പറഞ്ഞത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തിയിട്ടുണ്ട്. 295 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റാണ് ബുംറ മത്സരത്തിൽ നേടിയത്. മത്സരത്തിലെ താരവും ബുംറയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യ ബൗളിങ്ങിലും പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിലും മികച്ച് നിൽക്കുകയായിരുന്നു. യശ്വസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി തികച്ചിരുന്നു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം അഡ്ലെയ്ഡിൽ വെച്ച് ഡിസംബർ ആറാം തിയ്യതി ആരംഭിക്കും. ഡേ നൈറ്റ് ഫോർമാറ്റിൽ പിങ്ക് ബോളിലാണ് രണ്ടാം മത്സരം നടക്കുക.

Comments

Please log in to post your comments.