ആകാശത്തെ ഈ മെല്ലെപ്പറക്കൽ ഇന്ത്യയ്ക്ക് വിനയാകുമോ? വിലകുറച്ചു കാണാനാവില്ല പാക് ഭീഷണി
ഒ രുവശത്ത് റഷ്യന്‍ ആശ്രിതത്വത്തിന്റെ ബാധ്യതകള്‍ പേറുകയും മറുവശത്ത് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ മെല്ലപ്പോക്കും മൂലം ഇന്ത്യന്‍ വ്യോമസേന ചരിത്രത്തിലില്ലാത്ത വിധം വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന കാലഘട്ടമാണ് കടന്നുപോകുന്നത്. ഒരേസമയം രണ്ട് ശത്രുക്കളെ നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് രാജ്യത്തിന്റെ അതിര്‍ത്തി മേഖല നിലകൊള്ളുന്നത്. അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പരമ്പരാഗത വൈരിയായ പാകിസ്താൻ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും വടക്ക് ചൈനയെന്ന ഭീഷണിയെയും നേരിടുന്ന ഇന്ത്യയ്ക്ക് അടിയന്തര ഘട്ടം വന്നാല്‍ ആകാശ മേധാവിത്വം നിലനിര്‍ത്താന്‍ കുറഞ്ഞത് 42 സ്‌ക്വാഡ്രണുകള്‍ വേണം. നിലവില്‍ വ്യോമസേനയ്ക്ക് 30 സ്‌ക്വാഡ്രണുകള്‍ മാത്രമേ കൈവശമുള്ളൂ. അതില്‍ തന്നെ കാലപരിധി കഴിഞ്ഞ, പറക്കുന്ന ശവപ്പെട്ടിയെന്ന് വിളിപ്പേരുള്ള മിഗ്- 21 വിമാനങ്ങളും ഉള്‍പ്പെടുന്നുവെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. ആധുനികവത്കരണം മാത്രമാണ് വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. എന്നാല്‍ അതിനുണ്ടാകുന്ന കാലതാമസത്തിന് കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. ഒരു സായുധ സംഘര്‍ഷം ഒരേസമയം ചൈനയും പാകിസ്താനുമായി ഉണ്ടാകില്ല എന്ന് നിലവിലെ സാഹചര്യത്തില്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, അങ്ങനെ ആത്മവിശ്വാസത്തിലിരിക്കാനാവുമോ? എന്തും സംഭവിക്കാവുന്ന ഒരു ലോക സാഹചര്യത്തിലൂടെയാണ് ഇന്ന് നമ്മള്‍ കടന്നുപോകുന്നത്. നേരിട്ടുള്ള യുദ്ധത്തിന് നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ തയ്യാറായേക്കില്ല. കച്ചവടമാണ് പ്രധാനമെന്ന് കരുതുന്നതിനാല്‍ അതിര്‍ത്തിയില്‍ തത്കാലം ചൈന ശാന്തരാണ്. എന്നു കരുതി ഭീഷണി ഒഴിഞ്ഞുവെന്ന് കരുതാനാകില്ല. ഇന്ത്യന്‍ വ്യോമസേനയുടെ ആധുനികവത്കരണത്തിന് തടസ്സങ്ങള്‍ നേരിടുമ്പോഴും ബദ്ധവൈരിയായ പാകിസ്താന്‍ തങ്ങളുടെ വ്യോമസേനയുടെ ആധുനികവത്കരണത്തില്‍ ബദ്ധശ്രദ്ധരാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അക്കാര്യത്തില്‍ അവര്‍ ബഹുദൂരം മുന്നേറുകയാണ്. ഈ അപകടസാഹചര്യത്തിലും ഇന്ത്യയിൽ മിഗ് വിമാനങ്ങള്‍ സേനയില്‍ നിന്ന് ഒഴിവാക്കി പകരം തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണുകളെ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുമ്പോഴും അത് വേണ്ടത്ര വേഗം കൈവരിക്കുന്നില്ല എന്നത് കാണാതിരുന്നുകൂടാ. ആധുനികവത്കരണത്തിലുള്ള ഈ കാലതാമസം രാജ്യസുരക്ഷയെ അപകടത്തിലാക്കുക തന്നെ ചെയ്യും. റഷ്യയും ഇന്ത്യന്‍ വ്യോമസേനയും സോവിയറ്റ് കാലം മുതലുള്ള ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിൽ. ഇതിന്റെ പ്രതിഫലനമാണ് വ്യോമസേനയുടെ പ്രഹരശേഷിയും. ഇന്ത്യന്‍ വ്യോമസേനയെ പരുവപ്പെടുത്തിയത് തന്നെ റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധമാണ്. മിഗ്-21, മിഗ്- 23, മിഗ്-27 യുദ്ധവിമാനങ്ങള്‍ അങ്ങനെയാണ് വ്യോമസേനയുടെ ഭാഗമായി മാറിയത്. മുൻകാലഘട്ടത്തില്‍ ഇവയെ സേനയില്‍ ഉള്‍പ്പെടുത്തിയത് മികച്ച തീരുമാനമായിരുന്നു. താങ്ങാവുന്ന വിലയ്‌ക്കൊത്ത മികച്ച യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ആഗ്രഹത്തിനൊത്തവയായിരുന്നു റഷ്യന്‍ വിമാനങ്ങള്‍. എന്നാല്‍, ഈ വിമാനങ്ങള്‍ തന്നെയാണ് ഇന്ന് വ്യോമസേനയുടെ ബാധ്യതകളായി മാറുന്നത്. കാലപ്പഴക്കം മൂലം ഇവയുടെ പ്രവര്‍ത്തനം അസാധ്യമാകുന്ന സമയത്തും മിഗ് വിമാനങ്ങള്‍ സേനയില്‍ തുടരുന്നുവെന്നതാണ് വിരോധാഭാസം. മിഗ് 21 ന് പുറമെ മിഗ് -23, മിഗ് -27 വിമാനങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗം ഡിസൈനിലെ പ്രശ്‌നങ്ങളും സാങ്കേതിക പിഴവുകളും മൂലം ഒഴിവാക്കേണ്ടിവരുന്നു. 1960ലാണ് മിഗ് 21 വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതിന്റെ പ്രകടനമികവും കുറഞ്ഞ പരിപാലന ചെലവും സേനയുടെ ആഗ്രഹത്തിനൊത്ത യുദ്ധവിമാനമാക്കി മാറ്റി. ആകാശ യുദ്ധങ്ങളില്‍ മിഗ് -21 മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. അതുകൊണ്ട് തന്നെ കാലാകാലങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവന്നാല്‍ കൂടുതല്‍ കാലം മിഗ്-21നെ ഉപയോഗിക്കാമെന്ന് ഇന്ത്യ കണക്കുകൂട്ടി. ഇങ്ങനെയാണ് കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി മിഗ് -21 ബൈസണ്‍ എന്ന പേരില്‍ ഇതിനെ പരിഷ്‌കരിച്ചത്. 1990കളില്‍ ലോകത്തുണ്ടായിരുന്ന വ്യോമയുദ്ധങ്ങളല്ല 21-ാം നൂറ്റാണ്ടില്‍ നടക്കുന്നത്. അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി വികസിപ്പിച്ചവയുമായി ആധുനിക യുദ്ധതന്ത്രങ്ങള്‍ നടപ്പിലാക്കാനാകില്ല. പൈലറ്റിന്റെ കാഴ്ചയ്ക്കുമപ്പുറത്തുള്ള ലക്ഷ്യങ്ങളെ വരെ നേരിടാന്‍ കഴിയുന്ന മിസൈലുകള്‍ വ്യോമയുദ്ധങ്ങളില്‍ ഉപയോഗിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്യാധുനിക റഡാറുകള്‍ കൂടുതല്‍ കാര്യക്ഷമമായ ഇലക്ട്രോണിക വാര്‍ഫെയര്‍ സംവിധാനം ഇതൊക്ക ഇന്നത്തെ കാലത്തെ ആവശ്യകതകളാണ്. എന്നാല്‍ മിഗ് വിമാനങ്ങള്‍ക്ക് അതിന്റെ എയര്‍ഫ്രെയിമില്‍ ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിന് പരിമിതികളുണ്ട്. ഇതിനൊപ്പം കാലപ്പഴക്കം മൂലമുള്ള സാങ്കേതിക പ്രശ്‌നങ്ങളും ധാരാളം. ഇത്രയധികം പ്രതിസന്ധികള്‍ ഉള്ളപ്പോഴും വ്യോമസേനയ്ക്ക് മിഗ്-21 വിമാനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. 2025 ഓടെ ഇവയെ ഒഴിവാക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പകരം തദ്ദേശീയമായ തേജസ് വിമാനങ്ങളെ ഉള്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ 40 മിഗ് -21 വിമാനങ്ങള്‍ സേനയുടെ ഭാഗമായി സര്‍വീസിലുണ്ട്. 19 സ്‌ക്വാഡ്രണുകളിലായി 400 മിഗ് 21 വിമാനങ്ങള്‍ സേനയില്‍ ഉണ്ടായിരുന്നു. അത്രത്തോളം പ്രാധാന്യം ഇതിന് സേന നല്‍കിയിരുന്നു. 1965, 1971, 1999 തുടങ്ങിയ വര്‍ഷങ്ങളില്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ മിഗ്-21 വിമാനങ്ങള്‍ പങ്കെടുത്തിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പക്ഷെ വിമാനത്തിന്റെ പരിമിതികള്‍ സേനയെ വലച്ചിരുന്നു. വരുന്ന ഒരുപതിറ്റാണ്ടോളം മിഗ് വിമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ സേനയില്‍ നിലനിര്‍ത്തേണ്ടി വരും തദ്ദേശീയമായി വികസിപ്പിച്ച തേജസിന്റെ നിര്‍മാണം പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് കാരണം. 60 വര്‍ഷത്തിനിടെ 400 മിഗ് 21 വിമാനങ്ങളാണ് അപകടത്തില്‍ പെട്ടത്. ഏതാണ്ട് 200 പൈലറ്റുമാരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. മറ്റേതൊരു യുദ്ധവിമാനത്തേക്കാളും കൂടിയ അപകട നിരക്കാണ് മിഗ് വിമാനങ്ങള്‍ക്കുള്ളത്. 1980കളില്‍ ആണ് മിഗ് -23 വിമാനങ്ങള്‍ സേനയിലെത്തിയത്. കടന്നുകയറുന്ന ശത്രവിമാനങ്ങളെ നേരിടുന്നതിനുള്ള ഇന്റര്‍സെപ്റ്റര്‍ വിമാനങ്ങളായാണ് മിഗ്-23യെ വിഭാവനം ചെയ്തിരുന്നത്. അതിവേഗം പറക്കാനുള്ള കഴിവ് മാറ്റിനിര്‍ത്തിയാല്‍ വലിയ പരിപാലന ചെലവാണ് ഇതിന് വേണ്ടി വന്നത്. ഡിസൈനിലെ പിഴവുകളാണ് കാരണം. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ 2000 ആണ്ടോടെ മിഗ് -23യെ പതിയെ ഒഴിവാക്കി തുടങ്ങി. സമാനമാണ് മിഗ്-27ന്റെ അവസ്ഥയും ആക്രമണത്തിന് ഉപയോഗിക്കുന്നതിനായാണ് മിഗ്-27നെ വികസിപ്പിച്ചിരുന്നത്. ഭാരമേറിയ ബോംബുകള്‍ വഹിക്കാനുള്‍പ്പെടെയുള്ള ശേഷിയുണ്ടായിട്ടുകൂടി എഞ്ചിന്‍ പ്രശ്‌നങ്ങള്‍ മൂലം 2019 ഓടെ മിഗ് -27നെ ഒഴിവാക്കാന്‍ വ്യോമസേന നിര്‍ബന്ധിതരായി. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്ന മിഗ് -21, സേവനത്തില്‍ നിന്ന് ഒഴിവാക്കിയ മിഗ്-23 ഉം മിഗ് 27ഉം. ഈ മൂന്ന് പ്രതിസന്ധികളാണ് വ്യോമസേനയെ തളര്‍ത്തിയത്. കാലാകാലങ്ങളില്‍ വേണ്ടത്ര പരിഷ്‌കാരത്തിന് തയ്യാറാകാതിരുന്നതിന്റെ ഫലമാണ് വ്യോമസേന നേരിടുന്നത്. വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ കരുത്തിനെയാണ് ഇത് ബാധിച്ചത്. കുറഞ്ഞത് 42 സ്‌ക്വാഡ്രണുകള്‍ എങ്കിലും വേണ്ടിയിരുന്നതിന്റെ സ്ഥാനത്ത് അത് 30 സ്‌ക്വാഡ്രണ്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി. പാശ്ചാത്യ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വിലകുറഞ്ഞ സോവിയറ്റ്- റഷ്യന്‍ വിമാനങ്ങളുടെ പിറകെ ഇന്ത്യ പോയത്. ആ തിരുമാനത്തെ അന്നത്തെ സാഹചര്യം പരിഗണിച്ചാല്‍ മോശമെന്ന് പറയാനാകില്ല. എന്നാൽ, ഇന്ന് അവയെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. അന്ന് വിലകുറച്ച് വാങ്ങിയ വിമാനങ്ങള്‍ പരിപാലിക്കാനും വീണ്ടും ഉപയോഗിക്കാനും ഇന്ന് വന്‍തുകയാണ് വ്യോമസേനയ്ക്ക് ചെലവിടേണ്ടി വരുന്നത്. ഇതിന് പകരം പുതിയ വിമാനങ്ങളെ സേനയില്‍ ഉള്‍പ്പെടുത്താന്‍ വൈകുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മിഗ് വിമാനങ്ങള്‍ക്ക് പകരക്കാരായി സേനയിലേക്ക് വന്നത് റഫാല്‍, തേജസ്, സുഖോയ്-30 എംകെഐ വിമാനങ്ങളാണ്. എന്നാല്‍ റഫാല്‍, തേജസ് വിമാനങ്ങളുടെ അവസ്ഥ എന്തായി എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വിവാദങ്ങളും ഉദ്യോഗസ്ഥ മെല്ലപ്പോക്കുകളും നീണ്ട വിലപേശലുകളും മൂലം അത് വൈകുന്നു. മിഗ് വിമാനങ്ങളില്‍ നിന്ന് വ്യോമസേന മികച്ചൊരു പാഠമാണ് നേടിയത്. ഒരേ കേന്ദ്രത്തില്‍ നിന്ന് മാത്രം സൈനിക സാങ്കേതിക വിദ്യ വാങ്ങുകയും അതിനെ തന്നെ ആശ്രയിക്കുകയും ചെയ്യുന്നതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് വ്യോമസേന മനസിലാക്കി, ഇതോടെയാണ് കൂടുതല്‍ വൈവിധ്യവത്കരണത്തിലേക്ക് വ്യോമസേന തയ്യാറായത്. മിഗ് വിമാനങ്ങളുടെ പ്രശ്‌നങ്ങള്‍ തദ്ദേശീയമായ തേജസ് വിമാനങ്ങളെ പിന്തുണയ്ക്കാന്‍ വ്യോമസേനയെ നിര്‍ബന്ധിതരാക്കി. തേജസ് വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനാലും അതിന്റെ ഘടകഭാഗങ്ങള്‍ക്ക് കൂടുതല്‍ വൈദേശിക ആശ്രിതത്വം വേണ്ടിവരുന്നില്ല എന്നതും മെച്ചമാണ്. എന്നാല്‍ ഇപ്പോഴും മിഗ്-21 വിമാനങ്ങള്‍ സേനയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടി വരുമ്പോഴുള്ള വിടവ് നികത്താന്‍ ഉള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര വേഗം കൈവരിക്കാനാകുന്നുമില്ല. പാകിസ്താനും ചൈനയും; ഡെയ്ഞ്ചര്‍ കോമ്പിനേഷന്‍ ഇന്ത്യന്‍ വ്യേമസേന ആധുനിക വത്കരണത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോഴും തൊട്ടയല്‍പ്പക്കത്ത് പാകിസ്താന്‍ നിശബ്ദമായി വ്യോമശേഷി വര്‍ധിപ്പിക്കുകയാണ്. ഇന്ത്യയേപോലെ പല തട്ടുകളിലായുള്ള ഉദ്യോഗസ്ഥ നിയന്ത്രണം പാക് വ്യോമസേനയ്ക്ക് മുകളില്ല. കേന്ദ്രീകൃത വ്യവസ്ഥയിലാണ് തീരുമാനങ്ങള്‍ വരുന്നത്. അതുകൊണ്ട് തന്നെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ വേഗത്തിലുണ്ടാകുന്നു. ആയുധ സംഭരണത്തിലുള്‍പ്പെടെ തീരുമാനം വേഗത്തിലുണ്ടാകുന്നത് സേനയെ സജീവമായി നിലനിര്‍ത്തുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആ രാജ്യം നട്ടം തിരിയുമ്പോഴാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെ നിര്‍ബാധം തുടരുന്നത് എന്നതാണ് ശ്രദ്ധേയം. മറ്റൊരു കാര്യം ഇന്ത്യയുടെ മറ്റൊരു എതിരാളിയായ ചൈനയുമായി അവര്‍ പുലര്‍ത്തുന്ന സവിശേഷമായ സൈനിക- നയതന്ത്ര സൗഹൃദം പാക് വ്യോമസേനയുടെ നവീകരണത്തിനെ ഏറെ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളെ സേനയിലെത്തിക്കാന്‍ പാകിസ്താന് ഇതിലൂടെ സാധിച്ചു. ഇരുരാജ്യങ്ങളും ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടര്‍ യുദ്ധവിമാനം. വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമായ ഇസഡ്.ഡി.കെ -03 എന്നിവ ഇതിന് മികച്ച ഉദാഹരണമാണ്. ഇവ രണ്ടും പാക് വ്യോമസേനയുടെ ശേഷി വര്‍ധിപ്പിച്ചു. എന്നാല്‍ ആ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അധികം തളര്‍ത്തിയുമില്ല. ഇതിനൊപ്പം കടം കൊടുക്കുകയും അത് തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഉദാരമായ തിരിച്ചടവ് വ്യവസ്ഥകള്‍ക്കും ചൈന തയ്യാറായി. റഫാല്‍ പോലുള്ള അത്യാധുനിക വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതിന് വിലയും പരിപാലന ചെലവും കൂടുതലാണ്. മാത്രമല്ല വാങ്ങുന്നതിന് ദൈര്‍ഘ്യമേറിയ ചര്‍ച്ചകളും യോഗങ്ങളുമൊക്കെ വേണ്ടി വന്നു. അവ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനും കാലതാമസമുണ്ടാകുമെന്ന് വന്നു. ഇതിനൊപ്പം പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വത്തിന് ഇന്ത്യ മുന്‍തൂക്കം നല്‍കി. മാത്രമല്ല ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആഗ്രഹം നടപ്പിലാക്കാനും ശ്രമിച്ചു. നല്ല ഉദ്ദേശത്തോടെയാണ് ഇവ നടപ്പിലാക്കുന്നതെങ്കിലും ആത്യന്തികമായി ഈ നയങ്ങള്‍ പ്രതിരോധ ഇടപാടുകള്‍ വൈകിപ്പിക്കുന്നതിലേക്കെത്തിച്ചു. അഴിമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശമെങ്കിലും അതിന് വിലകൊടുക്കേണ്ടി വന്നത് വ്യോമസേനയാണ്. ഇന്ത്യന്‍ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിന് ഏറ്റവും മികച്ച ഉദാഹരണമാണ് 126 മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം. 2012ലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അത് നിലച്ചു. ഒടുവില്‍ വ്യോമസേനയുടെ പ്രതിസന്ധി താത്കാലികമായി പരിഹരിക്കാന്‍ 126 എന്നതിന് പകരം 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന തീരുമാനത്തിലാണ് അതെത്തി നിന്നത്. 126 വിമാനങ്ങള്‍ വേണ്ടിയിരുന്ന സ്ഥലത്താണ് വെറും 36 വിമാനങ്ങള്‍ വാങ്ങിയത് എന്നോര്‍ക്കണം. ആ സമയത്ത് വ്യോമസേന സ്‌ക്വാഡ്രണ്‍ ശേഷിയിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അടിയന്തിരമായി വിമാനങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലാണ് 2018ല്‍ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. ഇന്ത്യയുടെ ആയുധ സംഭരണ നയത്തിലെ പോരായ്മയാണ് ഇത് വെളിച്ചത്ത് കൊണ്ടുവന്നത്. ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങള്‍ക്കുമറിയാം ഇന്ത്യന്‍ ഉദ്യോഗസ്ഥ മെല്ലപ്പോക്കിന്റെ രീതി എങ്ങനെയെന്ന്. അതിനനുസരിച്ചാണ് അവരുടെ വിലപേശലും. മറുവശത്ത് പാകിസ്താന്‍ അവരുടെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സേനയുടെ നവീകരണത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നു. ഇന്ത്യയാകട്ടെ ഉദ്യോഗസ്ഥ മെല്ലപ്പോക്കുകളും സങ്കീര്‍ണമായ നടപടിക്രമങ്ങളും മൂലം കാലിടറി നില്‍ക്കുകയും ചെയ്യുന്നു. ഈ രീതി തുടരുന്നുവെങ്കില്‍ മേഖലയിലെ ശാക്തിക രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരും. സേനയെ നവീകരിക്കുന്നതില്‍ മുന്നിലാണെങ്കിലും യുദ്ധവിമാനങ്ങളുടെ എണ്ണത്തിലും ശേഷിയും ഇന്ത്യ ഏറെ മുന്നിലാണ്. എന്നാല്‍ ആധുനിക വത്കരണത്തിലൂടെ ഇന്ന് ഇന്ത്യയ്ക്ക് ലഭിക്കുന്ന മേല്‍ക്കോയ്മയെ ഒരുപരിധിവരെ പാകിസ്താന് മറികടക്കാനാകും. വടക്ക് ചൈന ഇന്ത്യയേക്കാള്‍ വലിയ ശക്തിയാണ്. ആധുനികവത്കരണത്തില്‍ നമ്മളെക്കാള്‍ ഏറെ മുന്നിലും. ഇപ്പുറത്ത് പാകിസ്താനും നവീകരണം വളരെവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഇത് മറികടക്കണമെങ്കില്‍ നടപടിക്രമങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമായി മാറും. മെയ്ക്ക് ഇന്‍ ഇന്ത്യയും പ്രതിസന്ധികളും പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ഗുണഭോക്താവാണ് പ്രതിരോധ മേഖല. ദശകങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സ്വന്തം യുദ്ധവിമാനമെന്നത് ഇന്ത്യ സാധ്യമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് യുദ്ധവിമാനം നിര്‍മിക്കുന്നത്. സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനമായിട്ടും അത് കൃത്യമായി വിതരണം ചെയ്യാൻ എച്ച്.എ.എല്‍ ബുദ്ധിമുട്ടുകയാണ്. ലക്ഷ്യമിട്ട രീതിയില്‍ വ്യോമസേനയ്ക്ക് വിമാനം നിര്‍മിച്ച് നല്‍കാനാകുന്നില്ല എന്നുള്ളതാണ് പ്രശ്‌നം. അമേരിക്കന്‍ ജനറല്‍ ഇലക്ട്രിക്കിന്റെ എഞ്ചിനാണ് തേജസില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ലഭ്യത ഒരു പ്രശ്‌നമാണെങ്കില്‍ പോലും അതിലും പ്രധാനം എയര്‍ഫ്രെയിം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നില്ല എന്നുള്ളതാണ്. സ്വകാര്യ പങ്കാളികളെ കൂടി ഉള്‍പ്പെടുത്താനാണ് എച്ച്.എ.എല്‍ ആദ്യം ശ്രമിച്ചത്. തേജസിന്റെ നിര്‍മാണത്തിനുവേണ്ടിയുള്ള ഘടകങ്ങളില്‍ 35 ശതമാനം സ്വകാര്യ കമ്പനികള്‍ക്ക് ഔട്ട് സോഴ്‌സ് ചെയ്യാന്‍ എച്ച്.എ.എല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തികമായി ലാഭമാകില്ലെന്ന് കണ്ട് ആ പരിപാടിയും ഉപേക്ഷിച്ചതായാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ ഒരുവര്‍ഷം 16 തേജസ് വിമാനങ്ങള്‍ നിര്‍മിക്കാനെ എച്ച്.എ.എല്ലിന് സാധിക്കു. അത് 24 എണ്ണം എന്ന നിലയിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ വ്യോമസേനയുടെ ആവശ്യത്തിന് അനുസരിച്ച് സമയപരിധിക്കുള്ളില്‍ വിതരണം ചെയ്യാനാകു. 83 തേജസ് എം.കെ1എ വിമാനങ്ങള്‍ക്കാണ് വ്യോമസേന ഓര്‍ഡര്‍ കൊടുത്തിരുന്നത്. പിന്നീട് 97 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കി. 2028-29ന് ഉള്ളില്‍ ഇവ വിതരണം ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്തണമെങ്കില്‍ പോലും അതിന് വേണ്ടിയുള്ള നിക്ഷേപം വലിയ തോതില്‍ വേണ്ടി വരും. ഇനി എച്ച്.എ.എല്‍ തന്നെ നിര്‍മാക്കാമെന്ന് വെച്ചാല്‍ തന്നെയും കൂടുതല്‍ പ്രൊഡക്ഷന്‍ ലൈനുകള്‍ സ്ഥാപിക്കാതെ പുരോഗതിയുണ്ടാകില്ല. 2025 ഓടുകൂടി വര്‍ഷം 24 വിമാനങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. അതുവരെ പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടില്ലെങ്കില്‍ വ്യോമസേനയ്ക്ക് ആശിക്കാന്‍ വകയുണ്ട്. എന്നാല്‍ അത്യാധുനിക മീഡിയം മള്‍ട്ടി റോള്‍ സ്‌റ്റെല്‍ത്ത് യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ ഇതുവരെ അടുത്തിട്ടില്ല. രൂപകല്‍പ്പന പൂര്‍ത്തിയായെങ്കിലും പ്രോട്ടോടൈപ്പ് പരീക്ഷണം പോലും ആയിട്ടില്ല. മേയ്ക്ക് ഇന്‍ ഇന്ത്യ എന്നത് ദീര്‍ഘ കാലത്തേക്ക് രാജ്യത്തിന് മുതല്‍കൂട്ടാണ് എന്നതിന് സംശയമൊന്നുമില്ല. സൈനിക സാങ്കേതികവിദ്യകള്‍ക്ക് പരമാവധി വിദേശ ആശ്രിതത്വം കുറയ്ക്കുന്നത് ലോകശക്തിയാകാനാഗ്രഹിക്കുന്ന ഒരു രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. അതുപക്ഷെ നിലവിലെ താത്പര്യങ്ങളെ ബലികഴിച്ചുകൊണ്ടാകരുതെന്ന് മാത്രം.