Home latest ലോകത്ത് ഇതാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം

ലോകത്ത് ഇതാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം

ബ്രസൽസ്: ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമായി ബെൽജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത്. 2022ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയ ശേഷം അവതരിപ്പിച്ച ഈ നിയമം, ലൈംഗിക തൊഴിലാളികൾക്ക് മറ്റ് തൊഴിലുകൾ പോലെ സംരക്ഷണം നൽകുന്നു. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള പുരോഗമനപരമായ നടപടി എന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് നേതാവ് എറിൻ കിൽബ്രിഡിന്‍റെ പ്രതികരണം. ജോലി നിയമവിരുദ്ധമാണെങ്കിൽ സംരക്ഷിക്കാൻ നിയമവുമില്ല എന്നതിനാൽ ഈ നിയമം സുപ്രധാനമാണെന്ന് ബെൽജിയൻ യൂണിയൻ ഓഫ് സെക്‌സ് വർക്കേഴ്‌സ് പ്രസിഡന്‍റ് വിക്ടോറിയ പറഞ്ഞു. താൻ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഒരിക്കൽ പരാതി നൽകിയപ്പോൾ ലൈംഗിക തൊഴിലാളികളെ ബലാത്സംഗം ചെയ്യാൻ കഴിയില്ല എന്നാണ് പൊലീസ് ഓഫീസർ പറഞ്ഞതെന്ന് വിക്ടോറിയ വിശദീകരിച്ചു. മറ്റുള്ളവരെ പോലെ ജീവിക്കാൻ അവസരം നൽകുന്ന നിയമം എന്നാണ് അഞ്ച് കുട്ടികളുടെ അമ്മയായ സോഫി പ്രതികരിച്ചത്. അതേസമയം രാജ്യത്തെ മറ്റൊരു വിഭാഗം രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇസല എന്ന സന്നദ്ധ സംഘടന പ്രവർത്തകയായ ജൂലിയ ക്രൂമിയർ പറയുന്നത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന മേഖലയാണിതെന്നാണ്. ഇത് ഏറ്റവും പഴയ തൊഴിലല്ല, മറിച്ച് ഏറ്റവും പഴയ ചൂഷണമാണ് എന്നും അവർ വിമർശിച്ചു. അതേസമയം ലൈംഗിക തൊഴിലാളികളെയും മറ്റ് തൊഴിലാളികളെ പോലെ കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ബെൽജിയത്തിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് നിയമം വന്നത്. ജർമനി, നെതർലന്‍റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിട്ടുണ്ട്. 'എനിക്കറിയില്ലായിരുന്നു, ക്ഷമിക്കൂ': ആഞ്ചല മെർക്കലിനെ ഭയപ്പെടുത്താൻ നായയെ ഉപയോഗിച്ചെന്ന ആരോപണം തള്ളി പുടിൻ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Tags:

Comments

Please log in to post your comments.