എയ്ഡ്സ്; ശ്രദ്ധവേണം
സമൂഹത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന, അജ്ഞതമൂലം രോഗബാധിതരോട് വിവേചനവും സാമൂഹിക നിന്ദയും അവഗണനയും തുടർന്നുപോരുന്ന രോഗബാധയാണ് എയ്ഡ്സ്. എച്ച്.ഐ.വി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ബാധയുടെ ഫലമായി ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു മാരകരോഗങ്ങൾ പിടിപെടുന്ന അവസ്ഥയാണിത്. ഒരു മുറിയിൽ താമസിച്ചതുകൊണ്ടോ ഒരു പാത്രത്തിൽനിന്ന് ഭക്ഷണം കഴിച്ചതുകൊണ്ടോ ഒരിക്കലും എച്ച്.ഐ.വി മറ്റൊരാളിൽനിന്ന് പകരില്ല. സുരക്ഷിതമല്ലാത്ത ജീവിതരീതിയാണ് എയ്ഡ്സിന് ശരീരത്തിലേക്ക് വഴിയൊരുക്കുക. ഒരിക്കലും ചികിത്സയില്ലാത്ത രോഗമല്ല എച്ച്.ഐ.വി. കൃത്യമായ ചികിത്സയിലൂടെ ഒരു മനുഷ്യന്റെ ആയുസ്സിനത്രയുംതന്നെ എച്ച്.ഐ.വി ബാധിതർക്കും സാധാരണ ജീവിതം നയിക്കാനാകും. എയ്ഡ്സ് പൂർണമായും സുഖപ്പെടുത്താൻ കഴിയില്ല എങ്കിലും ആന്റി റെട്രോവൈറൽ തെറപ്പി അഥവാ എ.ആർ.ടി ചികിത്സയിലൂടെ വൈറസിന്റെ തോത് കുറക്കുന്നതിനും രോഗികൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. പരിശോധന മുഖ്യം എയ്ഡ്സ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പലരുംതന്നെ എച്ച്.ഐ.വി പരിശോധന നടത്താൻ തയാറാകാറില്ല. ഗുരുതര രോഗങ്ങൾ ബാധിച്ച് പരിശോധനക്ക് വിധേയരാകുമ്പോൾ മാത്രമേ എയ്ഡ്സ് ബാധിതരാണെന്ന് തിരിച്ചറിയൂ. അതോടെ വൈകി മാത്രമേ ചികിത്സയും ലഭിക്കൂ. എയ്ഡ്സ് പരിശോധന നടത്താൻ ഒരിക്കലും മടിക്കേണ്ട ആവശ്യമില്ല. സൗജന്യ എച്ച്.ഐ.വി പരിശോധനക്കും കൗൺസലിങ്ങിനുമായി മെഡിക്കൽ കോളജുകൾ, ജില്ല-ജനറൽ-താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുത്ത ഇ.എസ്.ഐ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ എന്നിവിടങ്ങളിലെല്ലാം ജ്യോതിസ്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പരിശോധിക്കപ്പെടുന്ന ആളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പരിശോധനക്ക് അര മണിക്കൂർ മാത്രമേ വേണ്ടിവരുകയുള്ളൂ. അന്നുതന്നെ ഫലം ലഭിക്കുകയും ചെയ്യും. കൂടാതെ, സംസ്ഥാന സർക്കാർ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ നടപ്പാക്കിയ ഉഷസ്സ് പദ്ധതിയിലൂടെ അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗൺസലിങ് തുടങ്ങിയവക്കൊപ്പം പുനരധിവാസവും പരിശീലനവും നിയമസഹായവും നൽകിവരുന്നുണ്ട്. എ.ആർ.ടി ചികിത്സ രോഗികൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യമായിത്തന്നെ ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രധാന ജില്ല ജനറൽ ആശുപത്രികളിലും ഉഷസ്സ് കേന്ദ്രങ്ങളുണ്ട്. പരിശോധിക്കേണ്ടവർ ആരെല്ലാം? എച്ച്.ഐ.വി ബാധിതർക്ക് വർഷങ്ങളോളം ഒരുവിധ രോഗലക്ഷണങ്ങളും ഉണ്ടാകില്ല. വർഷങ്ങൾക്കു ശേഷമാണ് രോഗപ്രതിരോധശേഷി കുറയുന്നതിലൂടെ മറ്റു രോഗലക്ഷങ്ങൾ കാണിക്കുക. അതിനാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ, എച്ച്.ഐ.വി അണുബാധിതരുടെ ലൈംഗിക പങ്കാളികൾ, ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ, ലൈംഗിക രോഗങ്ങളുള്ളവർ, ക്ഷയരോഗ ബാധിതർ, ലഹരിമരുന്ന് കുത്തിെവച്ച് ഉപയോഗിക്കുന്നവർ, എല്ലാ ഗർഭിണികളും, എച്ച്.ഐ.വി പോസിറ്റിവായ അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങൾ, ലൈംഗികാതിക്രമങ്ങൾ നേരിട്ട വ്യക്തികൾ, ഹെപ്പറ്റൈറ്റിസ് ബി/ ഹെപ്പറ്റൈറ്റിസ് സി ബാധിതർ രോഗ പരിശോധന നടത്തണം.