അണ്ടർ 19 ഏഷ്യാ കപ്പ്: ആവേശം അൽപ്പം കൂടിപ്പോയി, വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന് പരിക്ക്
കാഠ്മണ്ഡു: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെ കാല്‍ക്കുഴ തെറ്റി നേപ്പാൾ യുവതാരത്തിന് പരിക്ക്. ഞായറാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് നേപ്പാള്‍ സ്പിന്നറായ യുവരാജ് ഖാത്രിക്ക് പരിക്കേറ്റത്. മത്സരത്തില്‍ നാലു വിക്കറ്റെുത്ത് യുവരാജ് തിളങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 45.4 ഓവറില്‍ 141 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 28.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. ബംഗ്ലാദേശ് നിരയില്‍ വീണ അഞ്ചില്‍ നാലു വിക്കറ്റും സ്വന്തമാക്കിയത് യുവരാജ് ആയിരുന്നു. അര്‍ധസെഞ്ചുറി നേടിയ ബംഗ്ലാദേശ് ഓപ്പണര്‍ സവാദ് അബ്രാരെ ബൗള്‍ഡാക്കിയശേഷം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രൈസ് ഷംസിയെപ്പോലെ ഷൂസ് ഊരി ഫോണ്‍ ചെയ്യുന്നതുപോലെ ചെവിയില്‍ വെച്ചായിരുന്നു യുവരാജ് ആഘോഷിച്ചത്. പിന്നാലെ മുഹമ്മദ് ഷിഹാബ് ജെയിംസ്, ഫാരിദ് ഹസന് ഫൈസല്‍ എന്നിവരെയും യുവരാജ് പുറത്താക്കി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. റിസാന് ഹൊസനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയശേഷം ദക്ഷിണാഫ്രിക്കൻ സ്പിന്നര്‍ ഇമ്രാന് താഹിറിനെപ്പോലെ ഗ്രൗണ്ടിലൂടെ ഓടി വിക്കറ്റ് ആഘോഷിക്കുന്നതിനിടെ യുവരാജിന്റെ കാല്‍ക്കുഴ തെറ്റി. വായുവില്‍ ഉയര്‍ന്നു ചാടി സഹതാരവുമായി ആവേശം പങ്കിട്ടപ്പോഴാണ് ലാന്‍ഡിംഗില്‍ കാല്‍ക്കുഴ തെറ്റിയത്. ഇതോടെ അനങ്ങാന്‍ പോലുമാകാതെ നിലത്തുവീണു കിടന്ന് വേദനകൊണ്ട് പുളഞ്ഞ യുവരാജിനെ പിന്നീട് ടീം ഫിസിയോയുടെ മുതുകത്ത് കേറിയാണ് ഗ്രൗണ്ട് വിടാനായത്. ആറോവറില്‍ ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് യുവരാജ് 4 വിക്കറ്റെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക