എച്ച്.ഐ.വി; ജില്ലയിൽ ചികിത്സയിലുള്ളത് 1867 പേർ
പാലക്കാട്: ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത് 1867 എച്ച്.ഐ.വി ബാധിതർ. ഇതിൽ 944 പുരുഷന്മാരും 914 സ്ത്രീകളും 15 വയസ്സിൽ താഴെയുള്ള അഞ്ച് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടുന്നു. ഒരു ട്രാൻസ് വ്യക്തിയും ചികിത്സയിലുണ്ട്. ഈ സാമ്പത്തികവർഷം ഒക്ടോബർ വരെ പുതുതായി 54 രോഗബാധിതരെ കണ്ടെത്തി. കഴിഞ്ഞവർഷം 104 പേരെയാണ് പുതുതായി കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ ഗർഭിണികളായിരുന്നു. പുതിയ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ല ഹൈ ബർഡൻ വിഭാഗത്തിൽനിന്ന് മോഡറേറ്റ് വിഭാഗത്തിലെത്തിയതായി ജില്ല എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. സി. ഹരിദാസൻ പറഞ്ഞു. അവകാശങ്ങളുടെ പാത സ്വീകരിക്കൂ എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന സന്ദേശം. രക്തപരിശോധനയിലൂടെയാണ് എച്ച്.ഐ.വി ബാധ കണ്ടെത്തുന്നത്. എച്ച്.ഐ.വിക്കെതിരെയുള്ള ആന്റിബോഡി രക്തത്തിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയിൽ ഈ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താൻ രോഗാണ് ശരീരത്തിൽ പ്രവേശിച്ചതു മുതൽ മൂന്നുമാസം വരെ സമയമെടുക്കും. ഈ കാലയളവിനെ ജാലകവേള (വിൻഡോ പിരീഡ്) എന്നാണ് പറയുന്നത്. ആദ്യ പരിശോധനയിൽ പോസിറ്റിവ് ആയാലും വീണ്ടും രണ്ടുവട്ടം കൂടി പരിശോധിച്ച ശേഷം മൂന്നെണ്ണത്തിന്റെയും ഫലം പോസിറ്റിവ് ആണെങ്കിൽ മാത്രമേ ഒരു വ്യക്തി എച്ച്.ഐ.വി പോസിറ്റീവാണെന്ന് സ്ഥിരീകരിക്കൂ. ജില്ലയിൽ ചിറ്റൂർ, പട്ടാമ്പി, കോട്ടത്തറ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രികൾ, കൊഴിഞ്ഞാമ്പാറ സി.എച്ച്.സി, പാലക്കാട് ഗവ. മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, ജില്ല വനിത ശിശു ആശുപത്രി, വാളയാർ, മൊബൈൽ ഐ.സി.ടി.സി എന്നിവിടങ്ങളിൽ പരിശോധന സൗകര്യമുണ്ട്. അണുബാധയുണ്ടായാൽ ചികിത്സയില്ലെങ്കിൽ പത്ത് വർഷത്തിനുള്ളിൽ മരണം സംഭവിക്കാം. എന്നാൽ, കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ സാധാരണ ജീവിതം നയിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. ജില്ലയിൽ പുതുതായി രോഗബാധിതരാകുന്നവർക്ക് പാലക്കാട് ഗവ. മെഡിക്കൽ കോളജിലുള്ള എ.ആർ.ടി (ആന്റി റെട്രോവൈറൽ തെറപ്പി) സെന്റർ മുഖേന ചികിത്സ ലഭിക്കും. തുടർ ചികിത്സക്ക് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ലിങ്ക്ഡ് എ.ആർ.ടി മുഖേന മരുന്ന് മാത്രം ലഭ്യമാകും. എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ മാസം 1000 രൂപ ആനുകൂല്യം നൽകുന്നുണ്ട്. കൂടാതെ ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തി ഭക്ഷ്യക്കിറ്റും നൽകുന്നുണ്ട്. സംസ്ഥാനത്ത് 2023-24ൽ 1263 എച്ച്.ഐ.വി ബാധിതരെയാണ് പുതുതായി കണ്ടെത്തിയത്. ലോകത്താകമാനം 3.9 കോടി എച്ച്.ഐ.വി ബാധിതരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ൽ മാത്രം 0.13 കോടി ആളുകളിൽ പുതുതായി എച്ച്.ഐ.വി അണുബാധ കണ്ടെത്തി. 2017 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 14 ഗര്‍ഭിണികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പിന്റെ ഫലപ്രദമായ തുടര്‍ ചികിത്സ- പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് ജനിച്ച കുഞ്ഞുങ്ങളെ എച്ച്.ഐ.വി ബാധയില്‍നിന്ന് രക്ഷിക്കാനായി. 2018-19ല്‍ -177, 2019-20ല്‍ -140, 2020-21ല്‍ -82, 2021-22ല്‍ -106, 2022-23ല്‍ -86, 2023-24ൽ -104 എന്നിങ്ങനെ കേസുകളാണ് ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ചികിത്സയിലുള്ളവർക്ക് ജില്ല ആരോഗ്യവകുപ്പിന്റെയും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണവും കൗണ്‍സിലിങ്ങും ബോധവത്കരണവും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന ഗര്‍ഭിണികളില്‍ എച്ച്.ഐ.വി ബാധ പരിശോധന നടത്തുന്നുണ്ട്. ഇതല്ലാതെ ശസ്ത്രക്രിയകള്‍, സമാന ലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവര്‍, സ്വയം പരിശോധനക്ക് വിധേയരാകുന്നവര്‍ തുടങ്ങിയവരിലും നടത്തുന്ന പരിശോധനകളിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിക്കുന്നത്.