നാറ്റോ അംഗത്വം നൽകിയാൽ യുദ്ധം അവസാനിക്കുമെന്ന് സെലൻസ്കി; റഷ്യ പിടിച്ചെടുത്ത ഭാഗങ്ങളും നാറ്റോയുടെ കുടക്കീഴിലാക്കണം
കിയവ്: യുക്രെയ്ന് നാറ്റോ അംഗത്വം നൽകിയാൽ റഷ്യയുമായുള്ള യുദ്ധത്തിന്റെ രൂക്ഷമായ ഘട്ടം അവസാനിക്കുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. എന്നാൽ, റഷ്യ പിടിച്ചെടുത്ത യുക്രെയ്ന്റെ മറ്റു ഭാഗങ്ങളും നാറ്റോ സഖ്യത്തിന്റെ കുടക്കീഴിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കിൽ അധിനിവിഷ്ട മേഖലകൾ നയതന്ത്ര നീക്കത്തിലൂടെ യുക്രെയ്ന് തിരിച്ചുലഭിക്കുമെന്നും സെലൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. അധിനിവിഷ്ട പ്രദേശങ്ങൾ റഷ്യൻ മേഖലയാണെന്ന് അംഗീകരിക്കാൻ യുക്രെയ്ൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൂന്ന് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശം സെലൻസ്കി മുന്നോട്ടുവെച്ചത്. യുക്രെയ്ന് അംഗത്വം നൽകുമെന്ന് വാഷിങ്ടണിൽ ജൂലൈയിൽ നടന്ന ഉച്ചകോടിയിൽ 32 രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ സൂചന നൽകിയിരുന്നു. എന്നാൽ, അംഗത്വം നൽകുന്നതിനുമുമ്പ് യുക്രെയ്ന്റെ അതിർത്തി കൃത്യമായി നിർണയിക്കണമെന്നായിരുന്നു നാറ്റോയുടെ നിലപാട്. യുദ്ധത്തിൽ യുക്രെയ്നെ കൂടുതൽ സഹായിക്കേണ്ടതുണ്ടെന്ന് ഈയാഴ്ച നാറ്റോയുടെ പുതിയ സെക്രട്ടറി ജനറൽ മാർക് റൂത് പറഞ്ഞിരുന്നു. യുക്രെയ്ന് ആയുധങ്ങൾ നൽകുന്നതും യുദ്ധം അവസാനിപ്പിക്കുന്നതുമായ കാര്യങ്ങൾ ഡിസംബർ മൂന്നിന് ബ്രസൽസിൽ നടക്കുന്ന നാറ്റോ അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാന ചർച്ചയാവുമെന്നാണ് സൂചന.