ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ; അൽഐനിലെ കായിക മാമാങ്കം
യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് അൽഐനിലെ പ്രവാസികളുടെ കൂട്ടായ്മയിൽ എല്ലാ വർഷവും നടക്കുന്ന കായിക മാമാങ്കമാണ് ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ. ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയ ദിനാഘോഷത്തിൽ ആവേശപൂർവം പങ്കാളികളാകുന്നതോടൊപ്പം ഒരു ദിവസം നീണ്ടുനിൽക്കുന്ന ബ്ലു സ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റിവലും കഴിഞ്ഞ 26 വർഷമായി അൽഐനിൽ നടന്നുവരുന്നു. ഈ വർഷത്തെ 27മത് ഇന്റർ യു.എ.ഇ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിവൽ ഡിസംബർ രണ്ടിന് അൽഐൻ, അൽ മഖാം ഇക്വസ്ട്രിയൻ ഷൂട്ടിങ് ആൻഡ് ഗോൾഫ് ക്ലബ് മൈതാനിയിൽ നടക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. 56 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 4000 ത്തിൽ പരം കായിക പ്രേമികളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ 26 വർഷമായി ജി.സി.സി യിലെ തന്നെ മിനി ഒളിമ്പിക്സ് ആയി ഇത് അറിയപ്പെടുന്നു. ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ, ത്രോ ബാൾ, കബഡി, വടം വലി, റിലേ, മാർച്ച് പാസ്റ്റ് തുടങ്ങി 10 ഓളം ഗ്രൂപ്പ് ഇനങ്ങളും 46 ഓളം വ്യക്തികത ഇങ്ങളുമായി മത്സരം പൊടി പൊടിക്കുന്നു. നാല് വയസ് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് മത്സരിക്കാൻ ഉതകുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിശാലമായ ഒറ്റ സ്റ്റേഡിയത്തിൽ ഒരേ സമയം വിവിധ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ക്രമീകരണം. ഒളിമ്പിക്സ് തരങ്ങളായ പി.ടി ഉഷ, ഷൈനി വിൽസൺ, എം.ഡി വത്സമ്മ, ജോബി മാത്യു, ബോബി അലോസ്യസ്, പി.യു ചിത്ര, രഞ്ജിത്ത് മഹേശ്വരി, ഷഫീക് പാണക്കാടൻ, ഒരുകാലത്ത് കേരളത്തിന്റെ ഫുട്ബാൾ ഇതിഹാസമായിരുന്ന ഷറഫലി തുടങ്ങി ഇന്ത്യയിൽ നിന്നും യു.എ. ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുമായി നിരവധി പ്രമുഖർ ഈ കായിക മേളക്ക് ദീപ ശിഖ തെളിയിക്കാൻ കഴിഞ്ഞ വർഷങ്ങളിലായി ഇവിടെ എത്തിയിട്ടുണ്ട്. 26 വർഷമായി പ്രവാസികളുടെ കലാ കായിക പരിപോഷണത്തിലൂടെ ആരോഗ്യവും മനസികോല്ലാസവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ബ്ലൂ സ്റ്റാർ. 1993ൽ സ്പോർട്സിനെ, വിശിഷ്യ ഫുട്ബാളിനെ സ്നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ അൽ ഐൻ ഇൽ ഒത്തു കൂടി. ഉണ്ണീൻ പൊന്നേത്ത്, ഹൈദർ എ.പി, അബ്ദുൽ റഹിമാൻ എം.പി, തൗഫീഖ്, രാമചന്ദ്രൻ തൂത, നസിർ, റഷീദ് കൊക്കകോള, ഹസൻ തങ്ങൾ, മോഹൻ അല്ലൂർ, റഹീം എന്നിവർ ചേർന്നാണ് ഈ കൂട്ടായ്മക്ക് രൂപം നൽകുന്നത്. ഖത്തർ എയർവേയ്സ് ഉദ്യോഗസ്ഥനായ മെഹ്ദി ബ്ലൂ സ്റ്റാലേക്ക് വന്നതോടെ ഫുട്ബാളിൽ ഒരു തരങ്കം തന്നെ സൃഷ്ടിക്കാനായി. യു.എ.ഇയിൽ ഉടനീളമുള്ള ടൂർണമെന്റുകളിൽ ബ്ലു സ്റ്റാർ ഒഴിച്ച് കൂടാൻ പറ്റാത്ത ടീമായി മാറി. ബ്ലൂ സ്റ്റാർ പിന്നീട് ബ്ലൂ സ്റ്റാർ ഫാമിലി എന്ന് അറിയപ്പെടാൻ തുടങ്ങി. ബ്ലൂ സ്റ്റാർ കുടുംബാഗങ്ങൾ കൂടി ഒത്തുചേരലിൽ പങ്കെടുക്കാൻ തുടങ്ങി. അതോടെ വൺ ഡിഷ് പാർട്ടി എന്ന എന്ന പുതു നാമം വന്നു. രാഷ്ട്രീയ, ജാതി മത വിത്യാസമില്ലാതെ കലക്കും, കായിക ക്ഷമതക്കും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിപ്പോരുന്ന ഒരേ ഒരു കൂട്ടായ്മയാണ് ബ്ലൂ സ്റ്റാർ. കരുണ, സ്നേഹം, ആരോഗ്യം എന്നതാണ് ബ്ലൂ സ്റ്റാറിന്റെ മുദ്രാവാക്യം. അതിനായി വൺ ഡിഷ് പാർട്ടി, വിനോദ യാത്ര, ഈദ്, ഓണം, ക്രിസ്മസ്, വിഷു, ഇഫ്താർ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ കലണ്ടർ ഓഫ് ഇവന്റ്സിൽ ഉൾപ്പെടുത്തി ആഘോഷപൂർവമായി നടത്തുന്നു. ഇതിനായി മാനേജിങ് കമ്മറ്റി, ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിങ് തുടങ്ങിയവയും രൂപീകരിച്ചിട്ടുണ്ട്.