Home Health പുഷ് അപ്പും പുള്‍ അപ്പും കൊണ്ട് സ്തനാർബുദത്തെ അകറ്റാനാകുമോ? എഴുതിത്തള്ളരുത് വ്യായാമത്തെ

പുഷ് അപ്പും പുള്‍ അപ്പും കൊണ്ട് സ്തനാർബുദത്തെ അകറ്റാനാകുമോ? എഴുതിത്തള്ളരുത് വ്യായാമത്തെ

പെ ണ്‍കുട്ടികളിലും സ്ത്രീകളിലും ശാരീരികാധ്വാനവും വ്യായാമവും കുറയുന്നത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ പറയുന്നത്. യൗവ്വനകാലത്തെ ശാരീരികാധ്വാനം വന്‍കുടലിനെയും സ്തനങ്ങളെയും ബാധിക്കുന്ന അര്‍ബുദത്തെ ചെറുക്കുമെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ അവകാശപ്പെടുന്നു. കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇന്ദു പിഎസ് ആണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ ജേണലില്‍ വിശദീകരിക്കുന്നത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതും മരണകാരണമാകുന്നതും സ്തനാര്‍ബുദമാണ്. സ്തനാര്‍ബുദം കണ്ടെത്താന്‍ വൈകുന്നുവെന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നതും അവരുടെ ജീവനുതന്നെ ഭീഷണിയാകുന്നതും. ദരിദ്രരാജ്യങ്ങളില്‍ പകുതിയിലേറെ സ്ത്രീകളിലും സ്തനാര്‍ബുദം കണ്ടെത്തുന്നുപോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരെ മരണത്തിലേക്ക് നയിക്കുന്നതില്‍ ഒന്നാമന്‍ ശ്വാസകോശാര്‍ബുദമാണ്. കുടല്‍, കരള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദം തൊട്ടടുത്തുതന്നെയുണ്ട്. ഈ സാഹചര്യത്തില്‍വേണം അര്‍ബുദത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകേണ്ടത്. ശാരീരികാധ്വാനം ഉയര്‍ത്തുക വഴി സ്തനങ്ങള്‍, വന്‍കുടല്‍, മൂത്രസഞ്ചി തുടങ്ങിയവയെ ബാധിക്കുന്ന സാധാരണ അര്‍ബുദത്തിന്റെ അപകടത്തെ വലിയൊരളവുവരെ പ്രതിരോധിക്കാനവുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മിതമായ തോതിലുള്ള വ്യായാമം പോലും ശരീരത്തിലെ ഇന്‍സുലിൻ, കൊഴുപ്പ്, ഈസ്ട്രജന്‍ തുടങ്ങിയവയുടെ ചംക്രമണത്തില്‍ വ്യതിയാനം വരുത്തും. ആര്‍ത്തവ വിരാമത്തിനും മുമ്പുമുള്ള പ്രായത്തിലുള്ള സ്ത്രീകളുടെ ശാരീരികാധ്വാനം ഹോര്‍മോണുകളുടെ പ്ലാസ്മാ അളവില്‍ മാറ്റം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജൈവികമായ ഈ മാറ്റങ്ങളൊക്കെ അര്‍ബുദപ്രതിരോധത്തെ സഹായിക്കുമെന്നാണ് ശാസ്ത്ര ജേണല്‍ വ്യക്തമാക്കുന്നത്. വേണം പുഷ് അപ്പും എയ്റോബിക് വ്യായാമങ്ങളും പുഷ് അപ്, പുള്‍ അപ്, ചിന്‍ അപ്, ഡെമ്പല്‍സ് ഉപയോഗം തുടങ്ങിയ റസിസ്റ്റന്‍സ് വ്യായാമങ്ങളും എയ്റോബിക് വ്യായാമങ്ങളും ശരീരത്തിലെ അതിസൂക്ഷ്മ ജൈവ സാഹചര്യങ്ങളെ പുനഃക്രമീകരിക്കും. ഇത് സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കും. ആഴ്ചയില്‍ 150-300 മിനിറ്റുവരെ മിതമായ എയറോബിക് വ്യായാമമാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നത്. ഇതല്പം തീവ്രമായാല്‍ 75 മുതല്‍ 150 മിനിറ്റുവരെ മതി. അതല്ലെങ്കില്‍ തുല്യമായ വ്യായാമമുറയാകാം. കുട്ടികളും കൗമാരക്കാരും ദിവസം ഒരുമണിക്കൂറെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടണമെന്നും കാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഇത്തരം വ്യായാമങ്ങള്‍ അല്പം തീവ്രനിലയില്‍ത്തന്നെ ചെയ്യാം. നിശ്ചിത സമയമുള്ള വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനുള്ള നയങ്ങള്‍തന്നെ വരേണ്ടതുണ്ട്. കലാലയങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ വ്യായാമത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നാണ് നിര്‍ദ്ദേശം. ഇനി ഡോക്ടര്‍ പറയട്ടെ 'പുകയില, മദ്യം എന്നിവ ഉപേക്ഷിക്കുന്നതിനൊപ്പം പോഷക സമ്പുഷ്ടമായ ആഹാരവും കൃത്യമായ വ്യായാമമുറകളുമാണ് അര്‍ബുദ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. 2050 ഓടെ അര്‍ബുദരോഗികളില്‍ 77 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രവചനം. 2022 ലെ കണക്കുകള്‍ വിശകലനം ചെയ്താണ് അവര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതിനാല്‍ത്തന്നെയാണ് അര്‍ബുദപ്രതിരോധ മാര്‍ഗങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകേണ്ടത്. അര്‍ബുദ ചികിത്സ കഴിഞ്ഞവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും നിലവില്‍ മിതമായ ചില വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ജനിതകപരമായ കാരണങ്ങള്‍ രോഗത്തിന് പിന്നിലുണ്ടെങ്കിലും വ്യായാമത്തിലൂടെ ശ്വാസകോശ, സ്തനാര്‍ബുദ സാധ്യത തടയാനോ വൈകിപ്പിക്കാനോ കഴിയുമെന്നാണ് പുതിയ കണ്ടെത്തലുകള്‍. അര്‍ബുദരോഗ ഭീഷണി ഭൗമമേഖലകളിലെല്ലാം ഒരുപോലെയല്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. മാനവ വികസന സൂചിക ഉയര്‍ന്നുനില്‍ക്കുന്നതും ഏറ്റവും താഴ്ന്നുനില്‍ക്കുന്നതുമായ രാജ്യങ്ങളില്‍ അപായസാധ്യത കൂടുതലാണ്. മരണ നിരക്കും ഇവിടങ്ങളില്‍ കൂടുതലാണ്. വികസന സൂചിക ഉയര്‍ന്ന രാജ്യങ്ങളില്‍ സ്തനാര്‍ബുദ മരണനിരക്ക് 71 ല്‍ ഒന്നാണെങ്കില്‍ വികസന സൂചിക താഴ്ന്ന രാജ്യങ്ങളില്‍ ഇത് 48 ല്‍ ഒന്നാണെന്ന് ഓര്‍ക്കണം. ഈ അടിസ്ഥാന വിവരങ്ങള്‍ മനസില്‍ വച്ചുവേണം വ്യായാമത്തിന് പ്രാധാന്യം നല്കി കാന്‍സറിനെ പ്രതിരോധിക്കാന്‍.' പ്രൊഫ. ഡോ. ഇന്ദു പി എസ് (കമ്യൂണിറ്റി മെഡിസിന്‍, ഗവ. മെഡിക്കല്‍ കോളേജ് കൊല്ലം)

Tags:

Comments

Please log in to post your comments.