ഗിനിയയിൽ ഫുട്ബാൾ മത്സരത്തിനിടെ ലഹള :56 മരണം
കൊണാക്രി: ഗിനിയിലെ എൻസെറോകോറിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ 56 പേർ മരിച്ചതായി ഗവൺമെന്റ്. നിരവധിപ്പേർക്ക് പരിക്കുമേറ്റു. പ്രധാന മന്ത്രി അമദൗ ഔറിബായാണ് എക്സിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ മരണ സംഖ്യ നൂറിലധികമാണെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. എൻസെറോകോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകിട്ട് നടന്ന ലാബെ ക്ലബും എൻസെറോകോർ എഫ്.സിയും തമ്മിൽ നടന്ന പ്രാദേശിക മത്സരത്തിനിടെയാണ് സംഭവം. ആയിരക്കണക്കിനാളുകൾ മത്സരം കാണാനെത്തിയിരുന്നു. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് എൻസെറോകോർ. പ്രസിഡന്റിനായി നടത്തിയ മത്സരം ഗിനിയുടെ താത്കാലിക പ്രസിഡന്റും മിലിട്ടറി ലീഡറുമായ മമാഡി ഡൗംബൂയയ്ക്ക് ആദരമായി നടത്തിയ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. റഫറിയുടെ തീരുമാനം പ്രകോപനമായി റഫറിയുടെ തീരുമാനത്തിൽ പ്രകോപിതരായാണ് കാണികൾ അക്രമം അഴിച്ചുവിട്ടത്. സന്ദർശക ടീമായ ലേബിന്റെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകുകയും എൻസെറോകോറിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തതോടെയാണ് സംഘർഷം തുടങ്ങിയതെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനെതിരെ ലേബിന്റെ ആരാധകർ പ്രതിഷേധം തുടങ്ങി. ലേബിന്റെ ആരാധകർ മൈതാനത്തേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞെന്നും പിന്നാലെ പൊലീസ് ലേബിന്റെ ആരാധകർക്ക് നേരെ ടിയർ ഗ്യസ് പ്രയോഗിച്ചെന്നുമാണ് അറിയുന്നത്. തുടർന്ന് ഇരുടീമിന്റെയും ആരാധകർ ഗ്രൗണ്ട് കൈയേറി പരസ്പരം ആക്രമണം അഴിച്ചുവിട്ടു. സംഘർഷം തെരുവിലേക്കും വ്യാപിച്ചു. എൻസെകോറിലെ പൊലീസ് സ്റ്റേഷനും അക്രമികൾ തീയിട്ടു. തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ മരിച്ചത്. സ്റ്റേഡിയത്തിന് ഒരു പ്രവേശനകവാടമേ ഉണ്ടായിരുന്നുള്ളൂവെന്നും പൂർത്തിയാകാത്ത പ്രോജക്ടാണ് ഇതെന്നും പ്രദേശവാസി പറഞ്ഞു. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൻ തോതിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഡിയത്തിന് പുറത്ത് ആളുകൾ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതും ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് പലവീഡിയോയിലുമുള്ളത്. അതേസമയം എൻസെറോകോറിലെ മോർച്ചറി നിറഞ്ഞതിനാൽ മൃതദേഹങ്ങൾ ആശുപത്രി വരാന്തയിൽ നിരയായി കിടത്തിയിരിക്കുകയാണെന്നും നൂറിലധികം പേർ മരിച്ചിട്ടുണ്ടാകാമെന്നും കാഴ്ചകൾ ഹൃദയഭേദകമാണെന്നും ഇവിടത്തെ ഡോക്ടർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. 2021ൽ പട്ടാള അട്ടിമറിയിലൂടെ ആൽഫ കോണ്ടെയെ പുറത്താക്കി മമാഡി ഡൗംബൂയ പ്രസിഡന്റായി സ്വയം അവരോധിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്നും രാജ്യത്ത് വിവിധിയിടങ്ങളിൽ ഇതുപോലെ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. രാജ്യത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇങ്ങനെ ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതെന്നാണ് വിവരം. 1891 മുതൽ ഫ്രഞ്ച് അധീനതയിലായിരുന്ന ഗിനി 1958ലാണു സ്വാതന്ത്യംം നേടിയത്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 2010ലാണ്. അന്ന് ജയിച്ച് അധികാരത്തിൽ വന്ന കോണ്ടെയെയാണ് മമാദി പുറത്താക്കിയത്.