വെള്ളം കുടിച്ച് ശീലിക്കാം; വൃക്കയിലെ കല്ലുകൾ തടയും, ശരീര ഭാരം കുറയ്ക്കും
ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം അത്യാവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ സഹായിക്കും. വൃക്കയിലെ കല്ലുകൾ തടയുന്നതും ശരീരഭാരം കുറയ്ക്കാനും വെള്ളം സഹായിക്കുമെന്നതിനുള്ള കൂടുതൽ തെളിവുകൾ അടുത്തിടെ ഗവേഷകർ കണ്ടെത്തി. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഒരു ദിവസം ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നതായും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കുന്നത് ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പറഞ്ഞു. സ്ഥിരമായി തലവേദന അനുഭവപ്പെടുന്നവർക്ക് മൂന്നു മാസം തുടർച്ചായി കൂടുതൽ വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ സുഖം പ്രാപിച്ചതായി കണ്ടെത്തി. എട്ട് ആഴ്ച ദിവസവും നാല് ഗ്ലാസ് വെള്ളം കൂടി കുടിച്ചതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ പ്രമേഹ രോഗികളെ സഹായിച്ചതായും ഗവേഷകർ കണ്ടെത്തി. മൂത്രനാളിയിൽ അണുബാധയുള്ള സ്ത്രീകൾ ഒരു ദിവസം അധികമായി ആറ് ഗ്ലാസ് വെള്ളം കുടിച്ചതിലൂടെ പതിയെ അണുബാധകൾ കുറഞ്ഞതായി കണ്ടെത്തി. കുറഞ്ഞ രക്തസമ്മർദമുള്ള ചെറുപ്പക്കാർക്കും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നുവെന്ന് ഗവേഷകർ പറഞ്ഞു. അതേസമയം, വെള്ളം കുടിക്കുന്നതിന്റെ അളവ് എല്ലാവർക്കും ഒരുപോലെ അല്ലെന്നും ഗവേഷകർ പറഞ്ഞു. വൃക്കയിലെ കല്ലുകളോ മൂത്രാശ അണുബാധയോ ഉള്ള ഒരാൾക്ക് ധാരാളം വെള്ളം കുടിക്കാം. എന്നാൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന ശീലമുള്ളവർ കുറച്ച് വെള്ളം കുടിക്കുന്നതായിരിക്കും ഉചിതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. എത്ര വെള്ളം കുടിക്കാം? ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് പ്രതിദിനം ശരാശരി 8 മുതൽ 12 ഗ്ലാസ് വെള്ളം ആവശ്യമാണ്. ശരീരഭാരത്തിന്റെ ഓരോ 20 കിലോയ്ക്കും 1 ലിറ്റർ വെള്ളം ആവശ്യമാണ്. അതിനാൽ, ശരീരഭാരം 60 കിലോ ആണെങ്കിൽ, പ്രതിദിനം 3 ലിറ്റർ ആവശ്യമാണെന്ന് മാക്‌സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ ആൻഡ് മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല. വ്യായാമം, പരിസ്ഥിതി, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭാവസ്ഥ, മുലയൂട്ടൽ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വ്യക്തിക്ക് അവരുടെ മൊത്തം ജല ഉപഭോഗത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഡോ. അശുതോഷ് ചൂണ്ടിക്കാട്ടി. പുരുഷന്മാർ ഒരു ദിവസം ഏകദേശം 3.7 ലിറ്ററും സ്ത്രീകൾ ഏകദേശം 2.7 ലിറ്ററും വെള്ളം കുടിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ദിവസേനയുള്ള ദ്രാവക ഉപഭോഗത്തിന്റെ 20% സാധാരണയായി ഭക്ഷണത്തിൽ നിന്നും ബാക്കിയുള്ളത് പാനീയങ്ങളിൽ നിന്നുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ശരീരത്തിനാവശ്യമായ ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന്, 50% സാധാരണ വെള്ളവും 50% മറ്റ് ജലസ്രോതസ്സുകളിൽ നിന്ന് - പഴങ്ങൾ, പാൽ, പച്ചക്കറികൾ മുതലായവയിൽ നിന്ന് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ പറഞ്ഞു. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Read More ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം, രാവിലെ ഈ ജ്യൂസുകൾ കുടിച്ച് നോക്കൂ വണ്ണം കുറച്ച് ശരീര ഭംഗി വീണ്ടെടുക്കാം; ഈന്തപ്പഴം ഇങ്ങനെ കഴിച്ചോളൂ വയറിലെ കൊഴുപ്പ് ഓർത്ത് ടെൻഷൻ വേണ്ട; ഈ പഴങ്ങൾ സൂപ്പറാണ് പ്രമേഹക്കാർക്ക് മികച്ച പഴം, തടി കുറയ്ക്കാനും ഗുണകരം; പേരയ്ക്ക കഴിക്കാം