കെ.സി.സി ഒമാൻ കായിക ദിനം സംഘടിപ്പിച്ചു
മസ്കത്ത്: ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (കെ.സി.സി) നേതൃത്വത്തിൽ കായിക താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കായിക ദിനം സംഘടിപ്പിച്ചു. ബർക്കയിലുള്ള ഫാം ഹൗസിൽ സംഘടിപ്പിച്ച പരിപാടി കെ.സി.സി പ്രസിഡന്റ് ഷൈൻ തോമസ് ഉദ്ഘാടനം ചെയ്തു. രാവിലെ തുടങ്ങിയ മത്സരങ്ങൾ രാത്രി വൈകിയാണ് അവസാനിച്ചത്. വിവിധ കാറ്റഗറികളിലായി നടത്തപ്പെട്ട വാശിയേറിയ മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങൾക്ക് പുറമെ ക്രിക്കറ്റ്, വടം വലി തുടങ്ങിയ ഗ്രൂപ് മത്സരങ്ങളും ആവേശം പകർന്നു. മത്സരങ്ങൾക്കിടയിൽ ക്നാനായ യുവജന കൂട്ടായ്മയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിലെ യുവജനങ്ങൾ അവതരിപ്പിച്ച ‘ഫ്ലാഷ് മോബ്’ കായിക ദിനത്തിന്റെ മാറ്റ് കൂട്ടി. ക്രിക്കറ്റ് മത്സരത്തിൽ ടീം ഒ.കെ.എ എവറോളിങ് ട്രോഫിയിൽ മുത്തമിട്ടു. രണ്ടാം സ്ഥാനം നേടിയത് ടീം ക്നായി തൊമ്മൻ അറ്റ് കൊടുങ്ങല്ലൂരാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം നടത്തിയ വടംവലി മത്സരത്തിൽ സ്ത്രീകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ടീം ക്നാനായ അച്ചായത്തീസും രണ്ടാം സ്ഥാനം ടീം കെ.സി.വൈ.എല്ലും സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ടീം ഒ.കെ.എയും, രണ്ടാം സ്ഥാനം ടീം എ.ഡി 345, മൂന്നാം സ്ഥാനം ടീം സൈമൺസ് ബോയിസും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെത്തന്നെ ഇത്തവണയും ക്രിക്കറ്റ്, വടം വലി മത്സരങ്ങളിൽ ടീം ഒ.കെ.എ ആണ് കപ്പ് സ്വന്തമാക്കിയത്. കെ.സി.സി ഒമാൻ എല്ലാ വർഷങ്ങളിലും നടത്തിവരുന്ന സ്പോർട്സ് ഡേ പ്രായ ഭേദമന്യേ എല്ലാവരിലും കായിക താൽപര്യങ്ങൾ ഉണർത്തുന്നു എന്നതിന്റെ തെളിവാണ് ഈ വർഷം വാരണാസിയിൽ നടന്ന നാഷണൽ സ്കൂൾ ഗെയിംസിൽ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് നമ്മുടെ രണ്ട് കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.