മഹാരാഷ്ട്രയിൽ സസ്പെൻസ് തുടരുന്നു; ഷിൻഡെ യോഗത്തിന് എത്തിയില്ല, അജിത് പവാർ ഡൽഹിയിലേക്ക്
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന് പത്താംദിനവും മുഖ്യമന്ത്രി പദത്തിലേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരമായില്ല. തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് ഷിൻഡെ യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം അറിയിച്ചത്. അതേസമയം സർക്കാർ രൂപവത്കരണ സാധ്യതകൾ ചർച്ച ചെയ്യാനായി എൻ.സി.പി നേതാവ് അജിത് പവാർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ രൂപവത്കരണത്തിനായി അന്തിമ ചർച്ചകൾ നടത്താനായി ഷിൻഡെ മഹായുതി സഖ്യ നേതാക്കളുടെ യോഗത്തിനെത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പനിയും തൊണ്ടവേദനയുമാണെന്ന് അറിയിച്ച ഷിൻഡെ, മുംബൈയിലെ ഔദ്യോഗിക വസതിയായ വർഷയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. സ്വദേശമായ സത്താറയിലാണ് അദ്ദേഹമിപ്പോൾ. അതേസമയം ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത്, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന രീതിയിൽ ചർച്ചകൾ നടന്നെന്ന അഭ്യൂഹം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തനിക്ക് കേന്ദ്രമന്ത്രിയാകാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടിക്കു വേണ്ടി തന്റെ സേവനം ലഭ്യമാക്കേണ്ടതിനാൽ ഓഫർ നിരസിക്കുകയായിരുന്നുവെന്നും ശ്രീകാന്ത് എക്സിൽ കുറിച്ചു. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാകും പുതിയ സർക്കാറിനെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാണ്. ഷിൻഡെ ഇതിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളിയാഴ്ച അദ്ദേഹം സത്താറയിലേക്ക് പോയത്. മഹായുതി സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ മുന്നണി നേതാക്കൾ തള്ളുന്നുണ്ട്. എന്നാൽ ഷിൻഡെയെ മുഖ്യമന്ത്രി പദത്തിൽനിന്ന് മാറ്റിയാൽ മറാത്ത വിഭാഗക്കാർക്കിടയിൽ അപ്രീതി ഉണ്ടാകുമെന്ന ആശങ്ക ബി.ജെ.പിക്കുമുണ്ട്. സസ്പെൻസിന് ഇന്ന് വിരാമമാകുമെന്ന് കരുതിയെങ്കിലും തീരുമാനം നീണ്ടുപോകുകയാണ്. നവംബർ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം എൻ.സി.പി 41 സീറ്റും നേടി. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും വ്യാഴാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മുന്നണിയുടെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാകും സർക്കാർ അധികാരത്തിലേറുന്നത്. ആസാദ് മൈദാനിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.