Home Health ചിലവ് കുറഞ്ഞ സ്തനാര്‍ബുദ ചികിത്സ രീതിക്ക് രാജ്യാന്തര അംഗീകാരം;നേട്ടവുമായ് മലയാളി ഡോക്ടര്‍മാര്‍

ചിലവ് കുറഞ്ഞ സ്തനാര്‍ബുദ ചികിത്സ രീതിക്ക് രാജ്യാന്തര അംഗീകാരം;നേട്ടവുമായ് മലയാളി ഡോക്ടര്‍മാര്‍

കൊച്ചി : കീമോതെറാപ്പിക്ക് ഒടുവില്‍ സ്തനാര്‍ബുദ രോഗികളില്‍ അവശേഷിക്കുന്ന ട്യൂമര്‍ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന് പുതിയ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടര്‍മാര്‍. ക്ലിപ് ആന്‍ഡ് ബ്ലൂ പ്ലേസ്‌മെന്റ് എന്ന ഈ പുതിയ ചികിത്സ രീതിക്ക് അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചു. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരാണ് കണ്ടെത്തലിന് പിന്നില്‍. നിലവില്‍ ട്യൂമര്‍ തിരിച്ചറിയുന്നതിന് പലതരത്തിലുള്ള മാര്‍ക്കിംഗ് രീതികളാണ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നത്. ഇത് ഓരോന്നും ചെലവേറിയ രീതികള്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമാണ് ഓങ്കോളജി സര്‍ജന്മാരായ ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിന്‍, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വത്തിലെ പുതിയ കണ്ടെത്തല്‍. മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയക്, ഡോ.അരുണ്‍ ഫിലിപ്പ്, ഡോ. അശ്വിന്‍ ജോയ്, പത്തോളജി വിഭാഗം മേധാവി ഡോ. ലത എബ്രാഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. സ്തനാര്‍ബുദ സംരക്ഷണ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവില്‍ ചെയ്യാമെന്നതാണ് നേട്ടം. സ്തനാര്‍ബുദം സ്ഥിരീകരിച്ച രോഗികളില്‍ ചിലര്‍ക്ക് ശസ്ത്രക്രിയക്ക് മുമ്പായി കീമോതെറാപ്പി നല്‍കേണ്ടി വരും. ഇവരില്‍ കീമോതെറാപ്പിക്ക് മുന്‍പ് തന്നെ ട്യൂമറിനുളളില്‍ ക്ലിപ് ഇടുന്നു. കീമോതെറാപ്പി കഴിയുമ്പോള്‍ ട്യൂമര്‍ ചുരുങ്ങി അവശേഷിക്കുന്ന ഭാഗം ക്ലിപ്പിനോട് ചേരും. പിന്നീട് ശസ്ത്രക്രിയ സമയത്ത് അള്‍ട്രാ സൗണ്ടിന്റെ സഹായത്തോടെ നീല നിറത്തിലുളള മെഥലിന്‍ ക്ലിപ്പിന്റെ ചുറ്റും കുത്തി വെയ്ക്കുന്നു.ഇത് അവശേഷിക്കുന്ന ഭാഗം വ്യക്തമായി സങ്കീര്‍ണതകളില്ലാതെ നീക്കുവാന്‍ സര്‍ജനെ സഹായിക്കുന്നു. മില്ലിമീറ്റര്‍ വലുപ്പത്തിലേക്ക് ട്യൂമര്‍ ചുരുങ്ങുന്നതിനാല്‍ സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടാതെ തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുന്നു. കുറഞ്ഞ ചിലവില്‍ സ്തനം സംരക്ഷിച്ച് അര്‍ബുദത്തെ നേരിടാനാകുമെന്നത് രോഗികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഒരു സൂചി മുറിവിലൂടെ അള്‍ട്രാ സൗണ്ട് സഹായത്തോടെ വേദന രഹിതമായി ക്ലിപ്പിംഗ് ചെയ്യാമെന്നത് രോഗികള്‍ക്ക് വലിയ ആശ്വസമാണെന്ന് ഡോ. ടീന സ്ലീബ പറഞ്ഞു. രാജഗിരി കാന്‍സര്‍ സെന്ററിന് കീഴിലുള്ള വിവിധ ക്ലിനിക്കല്‍ വിഭാഗങ്ങളുടെ മൂന്നു വര്‍ഷം നീണ്ട നിരന്തര പരിശ്രമങ്ങളാണ് ഒടുവില്‍ വിജയത്തിലെത്തിയത്. അര്‍ബുദ ചികിത്സ തന്നെ ചെലവേറുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്ന കണ്ടുപിടിത്തമെന്ന് രാജഗിരി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ജിജി കുരുട്ടുകുളം അഭിപ്രായപ്പെട്ടു. നേരത്തെ ബംഗളൂരുവില്‍ നടന്ന ദേശീയ ഓങ്കോളജി സമ്മേളനത്തില്‍ ഈ വര്‍ഷത്തെ മികച്ച ഗവേഷണമായി ഇത് തെരഞ്ഞെടുത്തിരുന്നു. മുപ്പതിനായിരത്തിന് മുകളില്‍ ചിലവ് വരുന്ന നിലവിലെ രീതികള്‍ക്ക് പകരം 2000 രൂപയില്‍ താഴെ മാത്രം മുടക്കിയുള്ള പുതിയ ചികിത്സ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സ്വീകാര്യമാകും.

Tags:

Comments

Please log in to post your comments.