Home Sports England Cricket Board: വിദേശ ലീഗുകൾ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐപിഎല്ലിന് പ്രത്യേക പരി​ഗണന നൽകി ഇ.സി.ബി

England Cricket Board: വിദേശ ലീഗുകൾ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐപിഎല്ലിന് പ്രത്യേക പരി​ഗണന നൽകി ഇ.സി.ബി

രാജ്യത്തെ ആഭ്യന്തര ലീ​ഗുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി താരങ്ങളെ വിദേശ ലീ​ഗുകളിൽ നിന്ന് വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ആഭ്യന്തര സീസണിനിടെ ഇംഗ്ലീഷ് താരങ്ങൾ വിദേശ ക്രിക്കറ്റ് ലീഗുകൾ കളിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇം​ഗ്ലണ്ട് താരങ്ങൾക്ക് പാകിസ്താൻ ക്രിക്കറ്റ് ലീ​ഗിന്റെ ഭാ​ഗമാകാൻ സാധിക്കില്ല. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീ​ഗ് (ഐപിഎൽ) കളിക്കുന്നതിൽ നിന്ന് ഇം​ഗ്ലണ്ട് താരങ്ങളെ വിലക്കിയിട്ടില്ലെന്നും ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. പാക് ലീ​ഗ്, ശ്രീലങ്ക പ്രീമിയർ ലീഗ് തുടങ്ങിയ വിദേശ ലീഗുകളിൽ കളിക്കാൻ ഇം​ഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമയത്ത് താരങ്ങൾ പോകരുതെന്നാണ് പുതിയ കരട് നയത്തിലുള്ളത്. ആഭ്യന്തര സീസണിന് സമാന്തരമായി പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസി ലീഗുക‌ളിൽ പങ്കെടുക്കുന്നതിനായി താരങ്ങൾക്ക് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ കൗണ്ടി ചാമ്പ്യൻഷിപ്പ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇം​ഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലീ​ഗ് ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. ഓരേ സമയത്ത് താരങ്ങൾ രണ്ട് ടീമുകളുടെ ഭാ​ഗമാകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ഉദാഹരണത്തിന് ഒരേ സമയം നടക്കുന്ന രണ്ടു ലീഗുകളുടെ ഭാ​ഗമായ ടീമുകളിൽ താരങ്ങൾക്ക് ഭാ​ഗമാകാം. ലീ​ഗിലെ ടീം ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായാൽ മറ്റൊരു ലീ​ഗിലെത്തി താരത്തിന് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായിരുന്നു. 74 ഇംഗ്ലണ്ട് താരങ്ങളാണ് കഴിഞ്ഞ വർഷമാത്രം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉള്ള ​ലീ​ഗുകളിൽ കളിച്ചിട്ടുണ്ടെന്നാണ് വിവരം. എല്ലാ വർഷവും ഏപ്രിൽ– മെയ് മാസങ്ങളിൽ നിയമങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് ഇളവു നൽകാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് ഈ കാലയളവിൽ ആയതിനാലാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്നത്. അതുകൊണ്ടുതന്നെ ഇം​ഗ്ലീഷ് താരങ്ങൾക്ക് ഐപിഎൽ കളിക്കാം. ഐപിഎൽ 18-ാം പതിപ്പിൽ 12 ഇം​ഗ്ലണ്ട് താരങ്ങളാണ് കളിക്കുന്നത്. ജോസ് ബട്ട്‌ലർ – ഗുജറാത്ത് ടൈറ്റൻസ് ലിയാം ലിവിംഗ്സ്റ്റൺ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫിൽ സാൾട്ട് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജേക്കബ് ബെഥേൽ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഹാരി ബ്രൂക്ക് – ഡൽഹി ക്യാപിറ്റൽസ് സാം കറൻ – ചെന്നൈ സൂപ്പർ കിംഗ്സ് ജാമി ഓവർട്ടൺ – ചെന്നൈ സൂപ്പർ കിംഗ്സ് മൊയിൻ അലി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിൽ ജാക്സ് – മുംബൈ ഇന്ത്യൻസ് റീസ് ടോപ്ലി – മുംബൈ ഇന്ത്യൻസ് ബ്രൈഡൻ കാർസെ – സൺറൈസേഴ്സ് ഹൈദരാബാദ് ജോഫ്ര ആർച്ചർ – രാജസ്ഥാൻ റോയൽസ് എന്നിവരാണ് ഐപിഎൽ 2025 സീസണിന്റെ ഭാ​ഗമാകുന്നത്.

Comments

Please log in to post your comments.