Home Politics പാലക്കാടിന് പുറമേ പന്തളത്തും ബിജെപിക്ക് പ്രതിസന്ധി; നഗരസഭാ അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷയും രാജിവെച്ചു

പാലക്കാടിന് പുറമേ പന്തളത്തും ബിജെപിക്ക് പ്രതിസന്ധി; നഗരസഭാ അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷയും രാജിവെച്ചു

പന്തളം: കേരളത്തില്‍ ബിജെപി ഭരിക്കുന്ന രണ്ടാമത്തെ നഗരസഭയിലും പാര്‍ട്ടിക്ക് പ്രതിസന്ധി. ബുധനാഴ്ച അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു. രമ്യ എന്നിവര്‍ പദവികളില്‍ നിന്ന് രാജിവെച്ചു. കേരളത്തില്‍ പാലക്കാട്, പന്തളം നഗരസഭകളാണ് ബിജെപിക്ക് ഭരണമുള്ളത്. ഇവിടെ വിമതരാണ് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ ബിജെപിക്ക് 18 അംഗങ്ങളാണുള്ളത്. ആകെ അംഗങ്ങളില്‍ കൂരമ്പാല നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ കെ.വി പ്രഭ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം വിമതരായി നില്‍ക്കുകയാണ്. ഈ വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഈ നീക്കത്തിന് യുഡിഎഫിന്റേയും പിന്തുണയുണ്ട്. യുഡിഎഫിന് അഞ്ച് അംഗങ്ങളും എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് നഗരസഭയില്‍ ഉള്ളത്. എല്‍ഡിഎഫ് യുഡിഎഫ് ഒപ്പം വിമതരും ചേര്‍ന്നാല്‍ 18 പേരുടെ പിന്തുണയാകും. അവിശ്വാസത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസമിതി താഴെപ്പോകാന്‍ തന്നെയാണ് സാദ്ധ്യത. അവിശ്വാസത്തെ ഭയന്നല്ല തങ്ങളുടെ രാജിയെന്നാണ് നഗരസഭ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും പറയുന്നത്. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പറഞ്ഞത്. ബി.ജെ.പി.യുടെ 18 കൗണ്‍സിലര്‍മാരില്‍ 14 പേരും വനിതകളാണ്. ആകെ 33 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടിയാണ് പന്തളത്ത് ബി.ജെ.പി. ഭരണം പിടിച്ചത്. പന്തളം നഗരസഭ എല്‍.ഡി.എഫില്‍നിന്ന് കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ കൈവശമുള്ള രണ്ട് നഗരസഭയിലും വലിയ വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. എന്തായാലും നാളത്തെ അവിശ്വാസം പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്.

Comments

Please log in to post your comments.