ദേശീയ ദിനത്തിന് റാസല്‍ഖൈമയില്‍ അത്യുജ്ജ്വല വരവേല്പ്
റാസല്‍ഖൈമ: 53ാമത് ദേശീയ ദിനത്തിന് അത്യുജ്ജ്വല വരവേല്പ് നല്കി റാസല്‍ഖൈമ. റാക് അല്‍ ഖാസിമി കോര്‍ണീഷില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന പൊലീസ് ‘ദേശീയ മാര്‍ച്ച്’ യു.എ.ഇ സായുധ-സമാധാനപാലക സേനയുടെ ശക്തിയും സേവന മികവും വിളിച്ചോതുന്നതായി. കരയിലും കടലിലും ആകാശത്തും യു.എ.ഇ ദേശീയ പതാകയുടെ ചതുര് വര്‍ണം ചൂടിയാണ് റാസല്‍ഖൈമയിലെ ദേശീയ ദിനാഘോഷ പരിപാടികള്‍ പുരോഗമിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തെയും പോരാളികളെയും അനുസ്മരിക്കുന്ന ആഘോഷ ചടങ്ങുകളില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് തുടങ്ങി രാജ്യത്തിന് സുസ്ഥിര വികസനം ഉറപ്പാക്കുന്ന ഭരണാധികാരികള്‍ക്ക് പ്രാര്ഥനകളര്പ്പിക്കുന്നു. പൊലീസ് സേനാംഗങ്ങളുടെ പ്രകടനങ്ങളോടൊപ്പം കുട്ടികളുടെ കലാ പ്രകടനങ്ങളും കോര്‍ണീഷില്‍ നടന്ന ദേശീയ മാര്‍ച്ചിന് പൊലിമ നല്കി. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികളും റാസല്‍ഖൈമയിലെ ആഘോഷ ചടങ്ങുകളുടെ ഭാഗമായി. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, ഉപ മേധാവി ജനറല്‍ ജമാല്‍ അല്‍തയ്ര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.