ഐ.എ.എസ് മതഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനിടയില്ല
തിരുവനന്തപുരം: ഹിന്ദു, മുസ്ലിം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ അജി ചന്ദ്രനാണ് കേസിന് സാദ്ധ്യതയില്ലെന്ന റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന് കൈമാറിയത്. ഗ്രൂപ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ സന്ദേശങ്ങളോ പരാമർശങ്ങളോ ഇല്ല. ഗ്രൂപ്പുണ്ടാക്കിയെന്നല്ലാതെ ഒരു സന്ദേശവും കൈമാറിയിട്ടില്ല. ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെട്ട ആരുടെയും പരാതിയില്ലാതെ കേസ് നിലനിൽക്കുന്നതല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരാതിയില്ലാതെ കേസ് പാടില്ല. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലായിരുന്നു പ്രാഥമികാന്വേഷണം. അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർദ്ധ വളർത്താനും വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ നേരത്തേ പൊലീസിന് നൽകിയ നിയമോപദേശത്തിലുണ്ടായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവുണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്സെക്രട്ടറിയുടെ സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.