കേരള സോഷ്യൽ സെന്റർ വാക്കത്തൺ സംഘടിപ്പിച്ചു
അബൂദബി: യു.എ.ഇയുടെ 53ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ അബൂദബി കോർണീഷിൽ വാക്കത്തൺ സംഘടിപ്പിച്ചു. യു.എ.ഇ ദേശഭക്തിഗാനങ്ങൾ ആലപിച്ച് ദേശീയ പതാകകളേന്തി മുന്നേറിയ മാരത്തണിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. ചേംബർ ഓഫ് കൊമേഴ്സ് ബിൽഡിങ് പരിസരത്തുനിന്നും ആരംഭിച്ച വാക്കത്തൺ ആഡ്കോ ഓഫിസിനു എതിർവശത്തുള്ള കോർണീഷിൽ സമാപിച്ചു. മധുരപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, അബൂദബി കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ അലി അൽ സഹി എന്നിവർ വാക്കത്തണിന് നേതൃത്വം നൽകി.