തുടർച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി എണ്ണകമ്പനികൾ
ന്യൂഡൽഹി: തുടർച്ചയായ ആറാം തവണയും വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി എണ്ണകമ്പനികൾ. 19 കിലോ സിലിണ്ടറിന്റെ വില 16.50 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ സിലിണ്ടറിന്റെ വില 1818.50 രൂപയായി വർധിച്ചു. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 2024 ആഗസ്റ്റിന് ശേഷം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. പാചകവാതകത്തിന്റെ ഡിമാൻഡ് ഉയരുന്നതും പണപ്പെരുപ്പവുമാണ് വില കൂട്ടാൻ കാരണമെന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 0.94 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 71.84 ഡോളറായാണ് വില കുറഞ്ഞത്.ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 0.72 ഡോളർ കുറഞ്ഞ് ബാരലിന് 68 ഡോളറായി. എന്നാൽ, പ്രകൃതിവാതകത്തിന്റെ വില വർധിച്ചിട്ടുണ്ട്. 4.96 ശതമാനം വർധനയാണ് പ്രകൃതി വാതകത്തിന് രേഖപ്പെടുത്തിയത്. 3,363 ഡോളറായാണ് പ്രകൃതിവാതക വില വർധിച്ചത്.