Home latest Largest Gold Reserve: ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ ! 83 ബില്യൺ ഡോളർ മൂല്യം

Largest Gold Reserve: ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ ! 83 ബില്യൺ ഡോളർ മൂല്യം

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം അയല്‍ രാജ്യമായ ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണശേഖരമാണ് സെന്‍ട്രല്‍ ചൈനയില്‍ കണ്ടെത്തിയതെന്ന്‌ ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്നാണ് ഇത് ഏറ്റവും വലിയ സ്വര്‍ണ്ണശേഖരമായി മാറിയത്. പിംഗ്ജിയാങ് കൗണ്ടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന്‌ ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ അറിയിച്ചു. ഗവേഷകര്‍ ഇവിടെ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 സ്വര്‍ണ്ണ സിരകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ മാത്രമായി ഏകദേശം 300 മെട്രിക് ടൺ സ്വർണം അടങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അധിക കരുതൽ ശേഖരം ഇതിലും വലിയ ആഴത്തിൽ നിലനിൽക്കുന്നുണ്ടാകുമെന്നും, ഇത് ഒരുപക്ഷേ മൂന്ന് കിലോമീറ്റര്‍ വരെ എത്താമെന്നും 3 ഡി മോഡലിംഗ് സൂചിപ്പിക്കുന്നു. ഓരോ മെട്രിക് ടൺ അയിരിനും 138 ഗ്രാം വരെ സ്വർണം ലഭിക്കുമെന്ന് കോർ സാമ്പിളുകൾ സൂചിപ്പിക്കുന്നുവെന്ന്‌ ജിയോളജിക്കൽ ബ്യൂറോയിൽ നിന്നുള്ള പ്രോസ്പെക്ടർ ചെൻ റൂലിൻ അഭിപ്രായപ്പെട്ടു. ആയിരം മെട്രിക ടണ്‍ ‘ഹൈ ക്വാളിറ്റി’ അയിരുകളാണ് ഇവിടെയുള്ളത്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനില്‍ 900 മെട്രിക് ടണ്ണാണുള്ളത്. ഭൂഗർഭ ഖനികളിൽ നിന്നുള്ള അയിരിൽ 8 ഗ്രാമിൽ കൂടുതൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന ഗ്രേഡ് ആയി തരംതിരിക്കും. ചൈനയുടെ സ്വർണ്ണ വ്യവസായത്തില്‍ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. അന്താരാഷ്ട്ര സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോലും ഈ കണ്ടെത്തലിനായി. ആഗോള സ്വർണ്ണ ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മൊത്തം ഉൽപാദനത്തിൻ്റെ 10 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024-ൽ 2000 ടണ്ണിലധികം കരുതൽ ശേഖരമാണ് ചൈനയ്ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചൈന ഇതിനകം തന്നെ ലോകത്തിലെ സ്വർണ്ണ വിപണിയിൽ ആധിപത്യം പുലർത്തുന്നുണ്ട്. അതേസമയം, തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണത്തിന് നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,200 രൂപയായിരുന്നു. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 56,280 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. ഗ്രാമിന്റെ വില 10 രൂപ താഴ്ന്ന് 7,150 രൂപയുമായി.

Comments

Please log in to post your comments.