പ്രവാസികള്‍ക്ക് നിയമനിർമാണ സഭകളില്‍ പ്രതിനിധികള്‍ വേണം -ഹമീദ് വാണിയമ്പലം
ദോഹ: പ്രവാസികളുടെ പ്രശ്നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമനിർമാണ സഭകളിൽ പ്രതിഫലിക്കണമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിലുണ്ടാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. അതിനാവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സര്‍വിസ് കാര്‍ണിവലിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘ഗള്‍ഫ് പ്രവാസം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വദേശിവത്കരണം വ്യാപകമാകുന്നു. അതിവൈദഗ്ധ്യമുള്ളവര്ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നത്. കുടിയേറ്റം വർധിക്കുന്ന ഈ കാലത്ത് പുതിയൊരു തൊഴില്‍ സംസ്കാരം രൂപപ്പെടുത്തിയെടുത്ത് വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഗുണമേന്മയുറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണണം. അല്ലാത്തപക്ഷം നമ്മുടെ നാട്ടില്‍നിന്ന് വരുന്നവര്‍ പിന്തള്ളപ്പെടും. ജോലി നഷ്ടമായി മടങ്ങുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം’ -അദ്ദേഹം പറഞ്ഞു.പ്രവാസികളെ പ്രബല സമൂഹമായി കണ്ട് അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടെന്ന് എത്താനുതകുംവിധം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രാമസഭകളുണ്ടാവണം. സര്‍ക്കാറിന്റെ പ്രവാസിക്ഷേമ പദ്ധതികളൊന്നുംതന്നെ ആകര്‍ഷകല്ല. തുച്ഛമായ ഫണ്ടുകളാണ് പല പദ്ധതികളിലും ഗുണഭോക്താവിന് ലഭിക്കുന്നുള്ളൂ. ഇതില്‍ കാലാനുസൃതമായ മാറ്റം വരുത്തണം -അബ്ദുൽ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.പൊതുസമ്മേളനം ഖത്തര്‍ കമ്യൂണിറ്റി പൊലീസ് ഡിപ്പാര്‍ട്മെന്റിലെ എക്സ്റ്റേണല്‍ ബ്രാഞ്ച് ഓഫിസര്‍ ക്യാപ്റ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ധന്‍ നിഖില്‍ ഗോപാലകൃഷ്ണന്, വിദ്യാഭ്യാസ ചിന്തകന്‍ എന്‍.എം. ഹുസൈന് എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷതവഹിച്ചു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ പ്രവാസി വെൽഫെയർ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, നജില നജീബ്, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി, താസീൻ അമീൻ എന്നിവർ വിതരണം ചെയ്തു. സര്‍വിസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി സ്വാഗതവും വൈസ് പ്രസിഡന്റ് റഷീദലി നന്ദിയും പറഞ്ഞു. ഐ.സി.സി ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കേക്കൂറ്റ് ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഇന്ത്യൻ സ്പോർട്സ് സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.സി മാനേജിങ് കമ്മിറ്റിയംഗം അഡ്വ. ജാഫർഖാൻ, വുമൺ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചർ, ഫൈസല്‍ കുന്നത്ത് തുടങ്ങിയവർ സർവിസ് കാർണിവലിൽ പങ്കെടുത്തു.