ലാറ്റിനമേരിക്കൻ ജേതാക്കളായി ബോട്ട ഖത്തറിലേക്ക്
ദോഹ: പത്തു ദിവസത്തിനപ്പുറം ഖത്തറിൽ പന്തുരുളുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബാളിനുള്ള നാലാമത്തെ സംഘമായി ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോ. ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബാൾ പോരാട്ടമായ കോപലിബർറ്റഡോസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നാട്ടുകാരായ അത്ലറ്റികോ മിനീറോയെ തോൽപിച്ചാണ് ബോട്ടഫോഗോ ഇന്റർകോണ്ടിനെന്റൽ കപ്പിന് യോഗ്യത നേടിയത്. അർജന്റീനയിലെ ബ്വേനസ് ഐയ്റിസിൽ നടന്ന വാശിയേറിയ ഫൈനലിൽ 3-1നായിരുന്നു ബോട്ടയുടെ ജയം. ചരിത്രത്തിലാദ്യമായി കോപലിബർറ്റഡോസ് ജേതാക്കളായവർ ഡിസംബർ 11ന് ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ ബൂട്ടുകെട്ടും. അമേരിക്കൻ ഡെർബി എന്ന പേരിൽ ശ്രദ്ധേയമായ മത്സരത്തിൽ വടക്കൻ അമേരിക്കൻ ക്ലബ് ജേതാക്കളായ മെക്സിക്കൻ ക്ലബ് പചൂകയാണ് ബോട്ടയുടെ എതിരാളികൾ. ഈ മത്സരത്തിലെ വിജയികൾ ചാലഞ്ചർ കപ്പിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ നേരിടും. ഈ അങ്കത്തിലെ വിജയികളാകും ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റയൽ മഡ്രിഡിനെതിരെ കളത്തിലിറങ്ങുന്നത്. ബ്വേനസ് ഐയ്റിസിൽ നടന്ന കോപ ഫൈനലിൽ കളിയുടെ ഏതാണ്ട് മുഴുസമയവും പത്തുപേരുമായി കളിച്ചാണ് കിരീടം ചൂടിയത്. ഹൾക്, പൗളീന്യോ, എഡ്വേർഡോ വർഗാസ് തുടങ്ങി ശ്രദ്ധേയരായ താരങ്ങളുള്ള മിനീറോയെയാണ് പത്തുപേരുമായി കളിച്ച് ബോട്ട 3-1ന് വീഴ്ത്തിയത്. ബ്രസീലിന്റെ യുവതാരം ലൂയിസ് ഹെന്റിക്, വെനിസ്വേലൻ താരം ജെഫേഴ്സൺ സാവറിനോ, അർജന്റീനയുടെ തിയാഗോ അൽമഡ തുടങ്ങിയ താരങ്ങളാണ് ബോട്ടയുടെ പ്രധാനികൾ. ഡിസംബർ 11, 14, 18 തീയതികളിലായി 974, ലുസൈൽ സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന പുരോഗമിക്കുന്നു. നവംബർ 21 മുതലാണ് ടൂർണമെന്റിന്റെ പൊതു വിൽപന സജീവമായത്. ആദ്യ രണ്ടു മത്സരങ്ങളുൾപ്പെടെ ടിക്കറ്റുകൾ 40 റിയാൽ, 70 റിയാൽ, 150 റിയാൽ നിരക്കിൽ ലഭ്യമാണ്. റയൽ മഡ്രിഡ് കളിക്കുന്ന ഫൈനലിന്റെ മത്സരങ്ങൾക്ക് 200 റിയാൽ മുതലാണ് നിരക്ക്. കാറ്റഗറി രണ്ടിന് 600ഉം, ഒന്നിന് 1000 റിയാലുമാണ് വില. www.fic24.qa./en എന്ന ലിങ്ക് വഴി ടിക്കറ്റുകൾ വാങ്ങാമെന്ന് സംഘാടകർ അറിയിച്ചു.