മീഡിയവൺ ഖിഫ്: സെമിയിൽ വമ്പൻ പോരാട്ടങ്ങൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഫുട്ബാൾ പോരാട്ടമായി മീഡിയവൺ ഖിഫ് സൂപ്പർകപ്പ് സെമി ഫൈനലിലേക്ക്. രണ്ടുദിനങ്ങളിലായി നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് കൊടിയിറങ്ങിയപ്പോൾ ടി.ജെ.എസ്.വി തൃശൂർ, യുനൈറ്റഡ് എറണാകുളം, കെ.എം.സി.സി കോഴിക്കോട്, മലപ്പുറം ടീമുകൾ അവസാന നാലിൽ ഇടംപിടിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ മാക് കോഴിക്കോടിനെ തോൽപിച്ചാണ് കെ.എം.സി.സി മലപ്പുറം സെമിയിലെത്തിയത്. ദോഹ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-0ത്തിനായിരുന്നു മലപ്പുറത്തിന്റെ വിജയം. അലി സഫ്വാൻ, അഫ്സൽ, ഫസലു എന്നിവർ സ്കോർ ചെയ്തു.ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ കെ.എം.സി.സി കോഴിക്കോട് ഫ്രണ്ട്സ് ഓഫ് തൃശൂരിനെ 2-0ത്തിന് തോൽപിച്ചു. വാശിയേറിയ പോരാട്ടത്തിൽ വാജിദും നിഷാലുമായിരുന്നു സ്കോർ ചെയ്തത്. അവസാന ക്വാർട്ടറിൽ യുനൈറ്റഡ് എറണാകുളം ദിവ കാസർകോടിനെ 4-0ത്തിന് തോൽപിച്ചു. സുബിൻ, ഹുസൈൻ, ഉമർ, ആകാശ് എന്നിവരുടെ വകയായിരുന്നു ഗോളുകൾ. ആദ്യ സെമിയിൽ വ്യാഴാഴ്ച രാത്രി 7.30ന് ടി.ജെ.എസ്.വി തൃശൂരും യുനൈറ്റഡ് എറണാകുളവും ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി 6.30നാണ് കെ.എം.സി.സി കോഴിക്കോട്-മലപ്പുറം ടീമുകളുടെ മത്സരം.