യാഥാർത്ഥ്യമാകുന്ന ഭിന്നശേഷി സൗഹൃദ സമൂഹം!
ഇന്ന് ലോക ഭിന്നശേഷി ദിനം. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഏതൊരു കുട്ടികളെയും പോലെ താരാട്ടും തലോടലും ആഗ്രഹിക്കുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികളും. ഭിന്നശേഷിക്കാർക്കു കൂടി ഉൾപ്പെടുന്ന ഒരു സമൂഹത്തിനായി ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ദിനാചരണം മുന്നോട്ട് വെക്കുന്നത്. ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെക്കുന്നത്. കാഴ്ച, കേൾവി, സംസാരശേഷി, മാനസിക വെല്ലുവിളി, ശാരീരിക പരിമിതി, വിവിധ തരം പഠന വൈകല്യം എന്നിവയെല്ലാം നേരിടുന്നവരെ മറ്റുള്ളവർക്കൊപ്പം തുല്യ പരിഗണന നൽകിയാൽ അത് നീതിയെന്ന് കാണാനാവില്ല. അത് ഭിന്ന ശേഷിയുള്ളവരെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മേഖലകളിൽ കൂടുതൽ അന്യവൽക്കരിക്കുകയായിരിക്കും ചെയ്യുക. അതിനാൽ കൂടുതൽ ന്യായവർത്തിയായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത് എന്ന ബോധ്യത്തിൽ നിന്നാണ് ഇത്തരത്തിലെ ഇടപെടലിന് ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കുന്നത്. ദിന്നശേഷിക്കാർക്ക് മാന്യമായ ജീവിതം നയിക്കാൻ പ്രാപ്തമക്കുന്ന പല പദ്ധതികളും നിയമ വ്യവസ്ഥകളും യു.എ.ഇ സ്ഥാപിച്ചിട്ടുണ്ട്. വിവേചനം നിരോധിക്കുകയും വിദ്യാദ്യാസം, പാർപ്പിടം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകളിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിരവധി നിയമങ്ങൾ യു.എ.ഇ നടപ്പിലാക്കി. 2006 ലെ ഫെഡറൽ നിയമം നമ്പർ 29 (2009 ലെ 14ാം നമ്പർ നിയമം ഭേദഗതിചെയ്ത് പ്രകാരം അവരുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് 2010-ൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ യു.എ.ഇ അംഗീകരിച്ചു. 2017 ൽ സുസ്ഥിരമായ സാമൂഹിക വികസനത്തിനായി വ്യക്തികളിൽ നിക്ഷേപം നടത്തുന്ന യു.എ.ഇയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന സാമൂഹിക ഏകീകരണം പ്രോൽസാഹിപ്പിക്കുന്നതിനായി ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനുള്ള ദേശീയ നയം ആരംഭിച്ചു. യു.എ.ഇയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് മന്ത്രാലയം ഒരു ഡാറ്റാബെയ്സ് ഉണ്ടാക്കുകയും 2006 ലെ ഫെഡറൽ നിയമം നമ്പർ 29 പ്രകാരം പി.ഒ.ഡി / SANAD കാർഡുകൾ അവരുടെ മെഡിക്കൽ ഡയഗ്നോസിസ് നടത്തുന്നതു വഴി നൽകിവരുന്നു. ഭിന്നശേഷിക്കാരായ പ്രവാസികൾ ഉൾപ്പടെ ആളുകൾക്ക് ഈ കാർഡുകൾ ലഭിക്കുന്നതു വഴി പല സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും സൗജന്യ പാർക്കിങ്, സൗജന്യ ബസ്, മെട്രോ യാത്രകൾ (ആർ.ടി.എ), പല ഗവൺമെന്റ് സ്ഥാപനങ്ങളിൽ മുൻഗണനയും സൗജന്യ സെർവീസുകളും, പലവിധ ഫിനാഷ്യൽ എയ്ഡ് ഉൾപ്പടെ സൗകര്യങ്ങൾ ലഭ്യമാണ്. ഭിന്നശേഷി കുട്ടികൾക്ക് സ്പെഷ്യൽ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുവാൻ ഈ കാർഡുകൾ നിർബന്ധമാണ്. ഇത് ലഭിക്കുവാൻ യു.എ.ഇ ഗവൺമെന്റ് അഫിലിയേറ്റഡ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്നും ലഭിച്ചിട്ടുള്ള മെഡിക്കൽ റെക്കോർഡ്സും മറ്റ് യു.എ.ഇ താമസ രേഖകളും കമ്മ്യൂണിറ്റി മന്ത്രാലയത്തിന് സൗജന്യ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കുക വഴി ലഭിക്കുന്നതാണ്. പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിലും ഗതാഗത സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിലും യു.എ.ഇ ഗണ്യമായ മുന്നേറ്റം നടത്തി. മിക്ക എമിറേറ്റുകളിലും എല്ലാ തരത്തിലുള്ള ഭിന്നശേഷിക്കാർക്കും യാത്ര ചെയ്യാനുതകുന്ന പ്രത്യേകം ടാക്സികൾ ലഭ്യമാണ്. മിക്ക പാർക്കുകളിലും പൊതു ഗതാഗതങ്ങളിലും (ബസുകൾ, മെട്രോ) പ്രത്യേകം മൂവ് ചെയ്യാനുള്ള റാമ്പുകളും റിസേർവേഷൻ സീറ്റുകളും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. ഒരു സമൂഹത്തിന് അതിൻറെ നിശ്ചയദാർഢ്യമുള്ള ആളുകളെ എങ്ങനെ ഉയർത്താനും ശാക്തീകരിക്കുവാനും സാധിക്കുമെന്ന് നമുക്ക് കാണിച്ച് തരികയാണ് യു.എ.ഇ. ദിന്നശേഷിക്കാരായ വിദ്യാർത്ഥികളെ അവരുടെ സമപ്രായക്കാരുമായി പങ്കിടുന്ന ഇൻക്ലൂസീവ് എജ്യൂക്കേഷൻ (എല്ലാവരേയും ഉൾക്കൊള്ളുന്ന) സിസ്റ്റത്തെ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നയങ്ങൾ രൂപീകരിച്ച് പ്രോൽസാഹിപ്പിക്കുന്നു. കെ.എച്ച്.ഡി.എ, എസ്.പി.ഇ.എ, എ.ഡി.ഇ.കെ പോലെയുള്ള വിദ്യാഭാസ അതോറിറ്റിയിലൂടെ സ്കൂളുകളിൽ വിലയിരുത്തപ്പെടുകയും ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നു. അവർക്ക് സ്കുളുകളിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും വ്യക്തികളിലൂന്നിയുള്ള വിദ്യാഭ്യാസ രീതികളെ പ്രോൽസാഹിപ്പിക്കുക വഴി ഹോളിസ്റ്റിക്ക് (തെറാപ്പികളും വിദ്യാഭ്യാസവും കൂടിചേർന്ന) വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്നതിനുവേണ്ടി പ്രത്യേകം ഡിപ്പാർട്ട്മെന്റുകൾ തന്നെ ഓരോ സ്ക്കൂളുകളിലും പ്രവർത്തിക്കുന്നു. മാർജിനലൈസ് ചെയ്യപ്പെട്ട ഒരു കുട്ടിപോലുമില്ലാത്ത ക്ലാസ് മുറി എന്ന സങ്കൽപ്പത്തിലേക്കാണ് ഇതിലൂടെ ഊന്നൽ കൊടുക്കുന്നത്. സാംസ്കാരിക ഔന്നത്യത്തിന്റെ ലക്ഷണമാണ് കൂടുതൽ വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയെന്ന യു.എ.ഇയുടെ ഈ കാഴ്ചപ്പാടുകൾ. നമ്മുടെ സമൂഹം ദിന്നശേഷി വ്യക്തികളെ സഹതാപപരമായാണ് വീക്ഷിക്കുന്നത്. പലപ്പോഴും അവരുടെ പലവിധ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെയും പോകുന്നു. ദേശീയ നയം അവർക്കു വേണ്ട ശാരീരിക, വിദ്യാഭ്യാസ, സാമ്പത്തിക, പുനരധിവാസ വ്യവസ്ഥ ഉറപ്പുനൽക്കുന്നുണ്ടെങ്കിലും രോഗനിർണയം,ചികിത്സ, വിദ്യാഭ്യാസം എന്നീ സംവിധാനങ്ങൾ എന്നും ചിലവേറിയതാണ്. ഇത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ്. ഇതിനെല്ലാം ഉപരിയായി അവർക്കും അവരുടെ രക്ഷിതാക്കൾക്കും ഒത്തുചേരുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും വിഷമങ്ങൾ പങ്കുവെക്കുന്നതിനും കൂടുതൽ പൊതുവിടങ്ങൾ ഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. മിക്ക കുടുംബങ്ങളിലും അവരുടെ പൊസസീവ് ആറ്റിറ്റ്യൂഡ് കാരണം വളരെ വൈകിയാണ് രോഗാവസ്ഥ തിരിച്ചറിയപ്പെടുന്നതും ഇതിനാൽ തന്നെ നേരത്തെ തിരിച്ചറിഞ്ഞുള്ള തെറാപ്പികൾ വൈകിപോകുന്നതുകാരണം ഇംപ്രൂവ്മെൻറുകൾ കുറയുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കപ്പെടേണ്ടതാണ്. ലേഖകൻ: പ്രിൻസിപ്പൽ, അൽബ്തിസാമ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്, ഷാർജ, യു.എ.ഇ (Managed & Run by Indian Association Sharjah)