കൊല്ലത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ടോര്‍ച്ച് വെളിച്ചത്തിൽ രോഗികൾക്ക് കുത്തിവയ്പ്പ്
കൊല്ലത്ത് മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെയും രക്ത സാമ്പിളുകൾ ശേഖരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്. കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയാൽ പിന്നെ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്നത് ഇന്നും തുടരുന്നു. ജനറേറ്റർ സൗകര്യം ഇല്ലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം. ലക്ഷങ്ങൾ ഉപയോഗിച്ചാണ് ആരോഗ്യ കേന്ദ്രത്തിന് ബഹുനിലകെട്ടിടവും മറ്റ് സംവിധാനവും ഒരുക്കിയതെങ്കിലും ഇവിടെ വൈദ്യുതി നിലച്ചാൽ പിന്നെ വെളിച്ചത്തിന് മൊബൈൽ ടോർച്ചിനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൊറ്റങ്കരയിൽ നൂറ് കണക്കിന് ആളുകൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഈ ദുരവസ്ഥ തുടങ്ങിയിട്ട് നാളുകളായി. ഇരുട്ടത്ത് മരുന്നുകൾ മാറി കുത്തിവയ്പ്പ് എടുക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ മൊബൈൽ ഫോൺ വെളിച്ചമാണ് ഏക ആശ്രയം. ജനറേറ്റർ നൽകണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞതായും ആക്ഷേപമുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി എത്തി. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.