ഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന് ഇനി വിശ്രമ ജീവിതം...
കോട്ടയം: സതേണ്‍ റെയില്‍വേ ചീഫ് സ്പോര്‍ട്സ് ഓഫീസര്‍ ഒളിമ്പ്യന്‍ വില്‍സണ്‍ ചെറിയാന് ഔദ്യോഗിക സേവനത്തില്‍നിന്ന് ഇന്നു വിരമിക്കുന്നു. ഏഷ്യാഡിലും ഒളിമ്പിക്സിലും ഉള്‍പ്പെടെ നീന്തലില്‍ ഇന്ത്യയുടെ സുവര്ണതാരമായിരുന്ന വില്‍സണ്‍ പതിനേഴാം വയസില്‍ ജോലിയില്‍ പ്രവേശിച്ച് 43 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പാലാ ചക്കാലയില്‍ കുടുംബാംഗമാണ് വില്‍സണ്‍ ചെറിയാന്. നീന്തലില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രഥമ മലയാളിയാണ്. 1982 മുതല്‍ പതിനൊന്നു വര്‍ഷം രാജ്യാന്തര നീന്തല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഡല്‍ഹി ഏഷ്യാഡിലും 1986 സിയൂള്‍ ഏഷ്യാഡിലും 1982 കോമണ്‍വെല്‍ത്ത് ഗെയിംസിലും സാഫ് ഗെയിംസിലും ആഗോള റെയില്‍വേ ഗെയിംസിലും ഉള്‍പ്പെടെ താരമായി. ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ ഷൈനി ഏബ്രാഹാമാണ് വില്‍സന്റെ ഭാര്യ. ശില്പ, സാന്ദ്ര, ഷെയിന്‍ എന്നിവരാണ് മക്കള്‍.