സാലഡ് വെള്ളരിക്കയില്‍ ബാക്ടീരിയയുടെ സാന്നിദ്ധ്യം, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്; ലോഡ് തിരിച്ചുവിളിച്ചു
ന്യൂയോര്‍ക്ക്: നിരവധി ആവശ്യക്കാരുള്ളതും വ്യാപകമായി വിറ്റഴിക്കുകയും ചെയ്യുന്ന സാലഡ് വെള്ളരിക്കയില്‍ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിദ്ധ്യം. അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത വെള്ളരിക്ക തിരിച്ചുവിളിച്ചു. 68 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത ബാക്ടീരിയയില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബാക്ടീരീയയുടെ സാന്നിദ്ധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ച ആരുടേയും ജീവന് ഇതുവരെയും ആപത്തൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. അരിസോണ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഉല്‍പാദകരായ സണ്‍ഫെഡ് ഒക്ടോബര്‍ 12നും നവംബര്‍ 26നും ഇടയില്‍ വിതരണം ചെയ്തിട്ടുള്ള സാലഡ് വെള്ളരിയിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ജൂണ്‍ മാസത്തിലും സമാനമായ സംഭവം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാല്‍മൊണല്ല ബാക്ടീരീയ ബാധാ ലക്ഷണങ്ങളുമായി 162 പേര്‍ ചികിത്സ തേടിയതിന് പിന്നാലെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്കയാണ് തിരികെ വിളിച്ചത്. അന്ന് സാല്‍മൊണല്ല ആഫ്രിക്കാന എന്ന ബാക്ടീരിയ വകഭേദമാണ് തിരിച്ചറിയാന്‍ സാധിച്ചതെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കിയത്. ഭക്ഷ്യ വിഷബാധകളില്‍ 80 ലേറെ ശതമാനത്തിനും കാരണക്കാരനായ ബാക്ടീരിയ സാന്നിദ്ധ്യമാണ് വെള്ളരിക്കയില്‍ കണ്ടെത്തിയത്.