Gas Cylinder: തൊട്ടാൽ കെെ പൊള്ളും; വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. അഞ്ച് മാസത്തിനിടെ 174 രൂപയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വർദ്ധിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമില്ല. ഡിസംബർ ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1827 രൂപയായി ഉയർന്നു. ചെന്നെെയിലും കൊൽക്കത്തയിലുമാണ് വാണിജ്യ സിലിണ്ടറിന് ഏറ്റവും ഉയർന്ന വില നൽകേണ്ടത്. ഡൽഹിയിൽ പുതിയ നിരക്കനുസരിച്ച് 19 കിലോ വാണിജ്യ സിലിണ്ടറിന് 1818.5 രൂപ നൽകണം. നവംബറിൽ 1802 രൂപയും ഒക്ടോബറിൽ 1740 രൂപയുമായിരുന്നു. സെപ്റ്റംബർ( 1691.50 രൂപ), ഓഗസ്റ്റ് (1652.50 രൂപ), ജൂലൈ (1646 രൂപ) എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ വിവിധ മാസങ്ങളിലെ നിരക്ക്. വാണിജ്യ സിലിണ്ടറിന് നിലവിലെ നിരക്ക് അനുസരിച്ച് കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപയായിരുന്നു. മുംബൈയിൽ നവംബറിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഈ മാസം ഉപഭോക്താക്കൾക്ക് ലഭിക്കുക 1771 രൂപയ്ക്കാണ്. 19 കിലോ സിലിണ്ടറിന് ചെന്നൈയിൽ 1980.50 രൂപയാണ് വില. എല്ലാ മാസവും ഒന്നാം തീയതി പാചക വാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ പുതുക്കാറുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നി എണ്ണക്കമ്പനികളാണ് വില പുതുക്കിയിരിക്കുന്നത്. കൊച്ചി: 1827 രൂപ ഡൽഹി: 1818.5 രൂപ കൊൽക്കത്ത: 1927 രൂപ മുംബെെ: 1771 രൂപ ചെന്നെെ: 1980.50 രൂപ “> “>